CPM| ‘കൂത്തുപറമ്പ് വെടിവയ്പ്പില്‍ റവാഡ നിരപരാധിയാണെന്ന് സിപിഎം’; തരാതരം പോലെ നിലപാട് മാറ്റുന്ന സിപിഎമ്മിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം

Jaihind News Bureau
Tuesday, July 1, 2025

കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖറിനെ കുറിച്ച് മുന്‍പ് പറഞ്ഞതെല്ലാം ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ് സിപിഎം. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട റവാഡ ചന്ദ്രശേഖര്‍ ഒരു ഗൂഢാലോചനയും നടത്തിയില്ല എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വാദം. സിപിഎം സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയതോടെ അണികള്‍ക്കിടയിലും അമര്‍ഷം പുകയുകയാണ്.

കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട റവാഡ ചന്ദ്രശേഖര്‍ ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവി ആയതോടെ ഇതുവരെ പറഞ്ഞതും പ്രസംഗിച്ചതുമെല്ലാം തിരുത്തുകയും പലതും വിഴുങ്ങുകയുമാണ് സിപിഎം. പലപ്പോഴും ഈ ഉദ്യോഗസ്ഥര്‍ കാലന്‍മാരാണെന്നും കാലു വെട്ടണം എന്നുവരെ പ്രസംഗിച്ച് അണികളെ ആവേശ ഭരിതരാക്കിയിട്ടുണ്ട് സിപിഎം നേതാക്കള്‍. അതെല്ലാം മറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റവാഡയെ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ ഇരുത്തിയതോടെ പുതിയ ന്യായീകരണങ്ങള്‍ കണ്ടത്തേണ്ടി വരുകയാണ് നേതാക്കള്‍ക്ക്. ഇത്തരത്തില്‍ പ്രതിരോധത്തില്‍ ആകുമ്പോഴും സിപിഎം മിണ്ടാത്ത ഒരു കാര്യമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും റവാഡ ചന്ദ്രശേഖര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഇകെ നായനാര്‍ സര്‍ക്കാര്‍ കൊലക്കുറ്റത്തിന് കേസെടുത്തതിനെക്കുറിച്ച്. ഇതില്‍ ചോദ്യങ്ങള്‍ വരുമ്പോള്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലൊണ് സിപിഎം ന്യായം. അതിലേറ്റവും രസകരം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പ്രതികരണമാണ്. എല്ലാത്തിനും തുടക്കം കുറിച്ച പരിയാരം മെഡിക്കല്‍ കോളേജ് ലാത്തിചാര്‍ജില്‍ റവാഡ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും സര്‍വീസില്‍ പോലും കയറിയിരുന്നില്ലെന്നുമാണ് ന്യായം. അദ്ദേഹത്തിന്റെ ഈ വാദം ഒന്ന് മുറുകാന്‍ കൂട്ടുപിടിക്കുന്നതോ കൂത്തുപറമ്പ് വെടിവെയ്പ്പ് അന്വേഷിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും. റവാഡയെ ന്യായീകരിക്കാന്‍ സിപിഎം നേതാക്കള്‍ ഇപ്പോള്‍ ആയുധമാക്കുന്നതും ഇതേ റിപ്പോര്‍ട്ട് തന്നെ.

റവാഡ ചന്ദ്രശേഖറിന്റെ നിയമനം കേന്ദ്ര തീരുമാനമാണെന്നും മെച്ചപ്പെട്ട ആളായത് കൊണ്ടാണ് എടുത്തത് എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പി ജയരാജന്‍ പറഞ്ഞതിന് നേര്‍ വിപരീതമാണ് സംസ്ഥാന നേതാക്കളുടെ ഇന്നത്തെ പ്രതികരണം. എന്തായാലും തരാതരം പോലെ നിലപാട് മാറ്റുന്ന സിപിഎമ്മിന്റെ മറ്റൊരു മുഖമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.