TELENGANA| തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സ്‌ഫോടനം: മരണം 45 ആയി; നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നു

Jaihind News Bureau
Tuesday, July 1, 2025

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സ്‌ഫോടനത്തില്‍ മരണം 45 ആയി ഉയര്‍ന്നു. തകര്‍ന്ന കെട്ടിടത്തിനിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചികിത്സയിലുള്ള പലരും ഗുരുതരാവസ്ഥയിലാണ്. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പശമൈലാരാമില്‍ പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

അപകടത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുള്ള മറ്റ് ചില കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 150 ഓളം തൊഴിലാളികള്‍ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നതെന്നുമാണ് വിവരം. കമ്പനിയിലെ ജീവനക്കാരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.