ലോംഗ് മാര്‍ച്ചിനെതിരായ പോലീസ് നടപടി; കോണ്‍ഗ്രസ് ഇന്ന് കോട്ടയത്ത് പ്രതിഷേധപ്രകടനം നടത്തും

Jaihind Webdesk
Monday, January 7, 2019

കോട്ടയം പാത്താമുട്ടം പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന ലോംഗ് മാർച്ചിൽ പൊലീസ് നേതാക്കളെ മർദിക്കുകയും വ്യാജ കേസുകൾ ചമയ്ക്കുകയും ചെയ്തതിനെതിരെ ഇന്ന് വൈകുന്നേരം 4.30 ന് ഡി.സി.സിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തും. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ശ്രീക്കുട്ടന്‍റെ മാതാപിതാക്കൾ ഗാന്ധിസ്ക്വയറിൽ ഏകദിന സത്യാഗ്രഹം ഇരിക്കും.

കോട്ടയം പാത്താമുട്ടം പള്ളിയിലെ കരോൾ സംഘത്തെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടത്തിയ ലോംഗ് മാർച്ചിൽ പോലീസ് അക്രമം അഴിച്ചുവിട്ടതിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. സമാധാനപരമായി നടന്ന മാർച്ചിൽ പോലീസ് മനപൂർവം പ്രകോപനമുണ്ടാക്കി. ഇതിന് നേതൃത്വം നൽകിയ ഡി.വൈ.എസ്.പി ശ്രീകുമാറിനെതിരെ നടപടിയെടുക്കണം എന്നതാണ് പ്രധാന ആവശ്യം.

കഴിഞ്ഞ നാലാം തീയതി ലോംഗ് മാർച്ചിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകരെ റോഡ് ഉപരോധിച്ചതിന്‍റെ പേരിൽ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവർ ജാമ്യത്തിലിറങ്ങി. എന്നാൽ പിറ്റേന്ന് അതിരാവിലെ ഇക്കൂട്ടത്തിലുണ്ടായിരുന്ന ഷിൻസ് പീറ്ററിനെയും ശ്രീക്കുട്ടൻ അപ്പുക്കുട്ടനെയും വീട്ടിലെത്തി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശ്രീക്കുട്ടനെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറിയത് എന്നും ആരോപണമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ശ്രീക്കുട്ടന്‍റെ മാതാപിതാക്കൾ ഗാന്ധിസ്ക്വയറിൽ ഏകദിന സത്യാഗ്രഹം ഇരിക്കും. കൊല്ലാട് മണ്ഡലം പ്രസിഡന്‍റ് സിബി ജോൺ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇവർക്ക് പിന്തുണ നൽകും.