കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം: മന്ത്രി വിജയ് ഷായ്ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

Jaihind News Bureau
Tuesday, May 20, 2025

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രമോദ് വര്‍മ്മ, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കല്യാണ്‍ ചക്രവര്‍ത്തി, പോലീസ് സൂപ്രണ്ട് വാഹിനി സിംഗ് എന്നിവരാണ് എസ്.ഐ.ടിയിലെ അംഗങ്ങള്‍.

കേണല്‍ ഖുറേഷിക്കെതിരായ വിജയ് ഷായുടെ ‘അനുചിതമായ’ പരാമര്‍ശങ്ങളെ തിങ്കളാഴ്ച സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ, ഷായ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍, ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നംഗ എസ്.ഐ.ടിക്ക് ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ളില്‍ രൂപം നല്‍കാനാണ് മധ്യപ്രദേശ് ഡി.ജി.പിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിര്‍ദ്ദേശത്തോടെ മധ്യപ്രദേശ് ഡി.ജി.പി കൈലാഷ് മക്വാനയാണ് എസ്.ഐ.ടി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ പ്രമോദ് വര്‍മ്മ സാഗര്‍ റേഞ്ച് ഐ.ജിയാണ്. കല്യാണ്‍ ചക്രവര്‍ത്തി ഭോപ്പാല്‍ എസ്.എ.എഫ് ഡി.ഐ.ജിയും വാഹിനി സിംഗ് ദിന്‍ഡോരി പോലീസ് സൂപ്രണ്ടുമാണ്. അന്വേഷണ സംഘം ആദ്യത്തെ സ്ഥിതിവിവര റിപ്പോര്‍ട്ട് മേയ് 28-ന് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.