ന്യൂഡല്‍ഹി: അസം സര്‍ക്കാരിന്റെ വാര്‍ഷിക കടമെടുപ്പ് 2019-20 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 78 ശതമാനം വര്‍ധിച്ചതായി പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി), പ്രതിശീര്‍ഷ വരുമാനം എന്നിവയുടെ വളര്‍ച്ചാ നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറഞ്ഞതായും സംസ്ഥാനത്തിന്റെ 2024-25ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
‘ബിജെപി അസമില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഒരു ‘ട്രബിള്‍ എഞ്ചിന്‍’ സര്‍ക്കാരാണ്. നുണകള്‍ പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും സാധാരണക്കാരെ വഞ്ചിക്കുകയുമാണ് അവരുടെ ഒരേയൊരു ലക്ഷ്യം,’ കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് സപ്ര ആരോപിച്ചു. നുണ (ഝൂഠ്), വാചകമടി (ജുംല), കണ്‍കെട്ട് (ജഗ്ലറി) എന്നിങ്ങനെ മൂന്ന് ‘ജെ’കളിലാണ് ബിജെപിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ചുരുക്കാന്‍ കഴിയുമെന്നും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതില്‍ വിദഗ്ധനാണെന്നും സപ്ര ആരോപിച്ചു.
‘ഭാരതീയ ഝൂഠ് പാര്‍ട്ടി, ഭാരതീയ ജുംല പാര്‍ട്ടി, ഭാരതീയ ജഗ്ലറി പാര്‍ട്ടി എന്നാണ് ബിജെപി നിലകൊള്ളുന്നത്. ധ്രുവീകരണമാണ് അവരുടെ പ്രധാന അജണ്ട, എന്നാല്‍ അവരെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട് ‘ സപ്ര വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ്, സംസ്ഥാന അധ്യക്ഷന്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഭരണമുന്നണിക്കെതിരെ ഒന്നിച്ചു പോരാടുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ‘അടുത്ത 8-10 മാസത്തിനുള്ളില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു വലിയ വിഷയം കോണ്‍ഗ്രസ് അവതരിപ്പിക്കും,’ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.