പറവൂരിലെ അശ്വതിക്കും മക്കള്‍ക്കും വീടൊരുങ്ങി; താക്കോല്‍ ദാനം നിര്‍വഹിച്ച് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Sunday, May 18, 2025

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളുമായി പ്രതിസന്ധിയിലായ വടക്കന്‍ പറവൂരിലെ അശ്വതിക്കും കുഞ്ഞുങ്ങള്‍ക്കും പുനര്‍ജനിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന വീടിന്റെ താക്കോള്‍ ദാനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിച്ചു. കുട്ടികളുടെ പഠനത്തിനും മറ്റ കാര്യങ്ങള്‍ക്കും ഈ നാടിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ ഒന്‍പതിന് അദ്ദേഹം നിര്‍വഹിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 11-നാണ് അശ്വതിയുടെ ഭര്‍ത്താവ് വയനാട് വൈത്തിരി സ്വദേശി മോഹന്‍ കുമാര്‍ മരിച്ചത്. താലൂക്ക് ഗവ. ആശുപത്രി വളപ്പില്‍ മരത്തിന്റെ കൊമ്പ് മുറിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ മുറുകിയാണ് അദ്ദേഹം മരിച്ചത്.

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന ഭാര്യ അശ്വതിയും റിതിക (5), ഇരട്ടകളായ റിഷ്വി (3), റിഷിക (3) എന്നീ പെണ്‍കുഞ്ഞുങ്ങളും ഇതോടെ അനാഥരായി. അശ്വതിയുടെ കുടുംബവും ഒരു വിധത്തിലും സഹായിക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. ദുരന്തവാര്‍ത്ത അറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഈ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ഥനയില്‍ ദുബായിയിലെ ഒരു ബിസിനസ് ഗ്രൂപ്പ് 3 സെന്റ് സ്ഥലം വാങ്ങി നല്‍കി. വീട് നിര്‍മാണം ഏറ്റെടുത്തത് മന്നം പാറപ്പുറം സ്വദേശിയും ഖത്തറിലെ കോസ്റ്റല്‍ ഗ്രൂപ്പ് ഉടമയുമായ അസിമുദ്ദീനാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷ നേതാവ് എടുത്തുനല്‍കിയ വാടകവീട്ടിലാണ് അശ്വതിയും മക്കളും താമസിച്ചിരുന്നത്. 540 സ്‌ക്വയര്‍ ഫീറ്റില്‍ പണി കഴിപ്പിച്ചിട്ടുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറികളും ഹാളും കിച്ചണുമുണ്ട്. ഇതിനിടെ താലൂക്ക് ആശുപത്രിയില്‍ അശ്വതിക്ക് താത്കാലിക നിയമനവും നല്‍കിയിട്ടുണ്ട്.