75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

Jaihind News Bureau
Saturday, May 17, 2025

ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയായ ബച്ചു ഖബാദിന്റെ മകന്‍ ബല്‍വന്ത് സിങ് ഖബാദിനെ അഴിമതിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധന്‍പുര്‍ താലൂക്കുകളില്‍ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎന്‍ആര്‍ഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇത്രയും കോടിയുടെ തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയര്‍ന്നതിനു പിന്നാലെ മന്ത്രിയുടെ മക്കളായ ബല്‍വന്ത് സിങ്ങ്, ഇളയ മകന്‍ കിരണ്‍ എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടെ ഇരുവരും ചേര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് ബല്‍വന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിട്ടുണ്ട്. ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആര്‍ഡിഎ) എഫ്ഐആര്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതികള്‍ക്കായുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നത് ബല്‍വന്ത് സിങ് ഖബാദ് നടത്തുന്ന ഏജന്‍സിയാണ്. എന്നാല്‍ ചെലവ് തുകയുടെ കണക്കില്‍ തിരിമറി കാട്ടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മന്ത്രിയുടെ മറ്റൊരു മകന്‍ കിരണിന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നതിനാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.