ആശാസമരം 100-ാം ദിവസത്തിലേക്ക്; മെയ് 20ന് സമരവേദിയിൽ 100 സമരപ്പന്തങ്ങൾ ഉയർത്തും

Jaihind News Bureau
Saturday, May 17, 2025

സെക്രട്ടറിയേറ്റ് പടിക്കലെ രാപകൽ സമരത്തിന്റെ നൂറാം ദിവസമായ മെയ് 20ന് സമരവേദിയിൽ 100 ആശാവർക്കർമാർ ആളിക്കത്തുന്ന 100 പന്തങ്ങൾ ഉയർത്തും. ഓണറേറിയം വർദ്ധിപ്പിക്കുക, എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ നൽകുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
നൂറാം ദിനത്തിലും സമരം സംസ്ഥാനമെമ്പാടും ആളിപ്പടരുന്നു എന്ന സന്ദേശവുമായാണ് 100 സമരപ്പന്തങ്ങൾ ഉയർത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

6-ാം ദിവസം ആശമാരുടെ കുടുംബ സംഗമവും 11-ാം ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ മഹാസംഗമവും നടത്തി ആശമാർ സമരത്തിന്റെ ദിശ തെളിയിച്ചു. തുടർന്ന്, നിയമസഭാ മാർച്ച് (മാർച്ച് 3), വനിതാ സംഗമം (മാർച്ച് 8), സെക്രട്ടേറിയറ്റ് ഉപരോധം (മാർച്ച് 17), നിരാഹാര സമരം (മാർച്ച് 20 മുതൽ), കൂട്ട ഉപവാസം (മാർച്ച് 24), മുടി മുറിക്കൽ സമരം (മാർച്ച് 30) തുടങ്ങി വിവിധ സമരമുറകളിലൂടെ ഭൂരിപക്ഷം ആശമാരും സമര ത്തിനൊപ്പമെന്ന് തെളിയിച്ചാണ് 100 -ാം ദിവസത്തിലേക്ക് എത്തുന്നത്. മെയ് ഒന്നിന് പുതിയ സമര ഘട്ടം പ്രഖ്യാപിച്ചുകൊണ്ട് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു

സമരത്തിന്റെ നാലാം ഘട്ടമായ സഞ്ചരിക്കുന്ന രാപകൽ സമര യാത്ര ജില്ലകളിൽ പര്യടനം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന സമര യാത്ര മെയ് അഞ്ചിന് കാസർഗോഡ് നിന്നാണ് ആരംഭിച്ചത്. 13 ദിവസം പിന്നിട്ട സമര യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂർത്തിയാക്കി.

സെക്രട്ടറിയേറ്റിനു മുന്നിലെ സമരവേദിയിൽ പിന്തുണയുമായി നിരവധി വ്യക്തികളും സംഘടനകളും എത്തുന്നു . വിവിധ രാഷ്ട്രീയ പാർട്ടികളും അവയുടെ പോഷക സംഘടനകളും മുതൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തിത്ങ്ങളും ബഹുജന സംഘടനകളും പ്രാദേശിക കൂട്ടായ്മകൾ വരെ ആശമാരെ പിന്തുണച്ച് സമരവേദിയിൽ എത്തി. രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രശസ്തരും മുതൽ നിരവധി സാധാരണക്കാരും വീട്ടമ്മമാരും വയോജനങ്ങളും വിദ്യാർത്ഥികളും വരെ സമരത്തിന് പിന്തുണയുമായി എത്തിച്ചേർന്നു. രാപ്പകൽ സമര യാത്ര ജില്ലകളിൽ തുടരുമ്പോഴും സെക്രട്ടറിയേറ്റിനു മുന്നിൽ സമരവേദി സജീവമാണ്. എല്ലാദിവസവും പിന്തുണ അറിയിച്ച് ഇവിടേക്ക് ആളുകൾ എത്തിച്ചേരുന്നുണ്ട്.

നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം) ഉദ്യോഗസ്ഥരുമായും ആരോഗ്യമന്ത്രിയുമായും മൂന്നുതവണ അസോസിയേഷൻ ചർച്ച നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിന്മേൽ സർക്കാർ യാതൊരു ഉറപ്പും നൽകിയില്ല. മറ്റ് ട്രേഡ് യൂണിയൻ സംഘടനകളെക്കൂടി ഉൾപ്പെടുത്തി സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽ ആവശ്യങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്ന പ്രഖ്യാപനം മാത്രമാണ് നടത്തിയത്. മുൻകാലങ്ങളിൽ ഓണറേറിയ വർദ്ധന സർക്കാർ സ്വമേധയാ പ്രഖ്യാപിക്കുകയായിരുന്നു, സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി പ്രഖ്യാപിക്കാവുന്ന ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും പഠിക്കാൻ പ്രത്യേകം സമിതി ആവശ്യമില്ല എന്ന സമര സംഘടനയുടെ നിലപാടിനെ തള്ളിയാണ് സർക്കാർ മുന്നോട്ടുപോയത്. കമ്മിറ്റിയുടെ പഠനസമയം ഒരു മാസത്തിലേക്ക് ചുരുക്കാൻ ഇടപെടാം എന്ന് അസോസിയേഷനുമായി നടത്തിയ ആദ്യ ചർച്ചയിൽ തൊഴിൽ മന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഈ കമ്മിറ്റി രൂപീകരണം നടന്നത് പോലും ചർച്ചയ്ക്ക് ശേഷം ഒന്നര മാസം കഴിഞ്ഞാണ്.

ആരോഗ്യമേഖലയിൽ തൊഴിലെടുക്കുന്ന നിർധനരായ സ്ത്രീ തൊഴിലാളികളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻറെ ധാർഷ്ട്യമാണ് ഈ സമരത്തെ ഇതുവരെ എത്തിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരും എന്ന ശക്തമായ നിലപാടിലാണ്, ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വലിയ വെല്ലുവിളികളും നേരിട്ട്, ആശമാർ ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത് എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ പറഞ്ഞു.