ഭയമില്ല; ചെയ്തത് കൊലക്കുറ്റമൊന്നുമല്ലല്ലോ: മൊഴിയെടുപ്പിനു ശേഷം ജി സുധാകരന്‍

Jaihind News Bureau
Thursday, May 15, 2025

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി ജി സുധാകരന്റെ മൊഴിയെടുത്തു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ ജി.സുധാകരന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍ കാര്യം ചോദിച്ച് മനസിലാക്കിയെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഭയമില്ലെന്നും കളക്ടര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. പറഞ്ഞതില്‍ മാറ്റമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗമായിരുന്നു മുന്‍മന്ത്രി ജി സുധാകരന്‍ നടത്തിയത്. CPM സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് ജി സുധാകരന്‍ പരാമര്‍ശം നടത്തി. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച് കെ വി ദേവദാസിനായാണ് കൃത്രിമം നടത്തിയതെന്നും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ജി സുധാകരന്റെ വിവാദ പ്രസംഗം.