മംഗളൂരു ആള്‍ക്കൂട്ടാക്രമണം: കൊല്ലപ്പെട്ടത് മലയാളി; മൃതദേഹം നാട്ടിലെത്തിച്ചു

Jaihind News Bureau
Wednesday, April 30, 2025

മംഗളൂരു ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊന്നത്. എന്നാല്‍ കൊല്ലപ്പെട്ട അഷ്‌റഫിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സഹോദരന്‍ അബ്ദുള്‍ ജബാര്‍ പറയുന്നത്. മരണകാരണം ആള്‍ക്കൂട്ട ആക്രമണമാണ്. കേസില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു. അഷ്‌റഫിന്റെ മൃതദേപം നാട്ടിലെത്തിച്ചു. അഷ്‌റഫിന്റെ കുടുംബം വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കോട്ടയ്ക്കല്‍ പറപ്പൂരിലെത്തി. ചോലക്കുണ്ട് ജുമാ മസ്ജിദിലാണ് കബറടക്കം നടക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് പ്രകോപിതരായ ആള്‍ക്കൂട്ടം അഷ്‌റഫിനെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും മരണത്തിന് ഇടയായി. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പ്രകോപനമാണെന്നും വ്യക്തിവൈരാഗ്യമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.