പഹല്‍ഗാം ആക്രമണത്തിനിരയായ വ്യക്തിയുടെ കാണ്‍പൂരിലെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും; പാക്കിസ്ഥാന്റെ ഐഎംഎഫ് വായ്പയെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, April 29, 2025

റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സന്ദര്‍ശനത്തിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കാണ്‍പൂരിലെ കുടുംബത്തെ നാളെ സന്ദര്‍ശിക്കും. അതേസമയം, പാകിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള ഐഎംഎഫ് നീക്കത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കാണ്‍പൂരിലേക്ക് രാഹുല്‍ ഗാന്ധി

നിലവില്‍ തന്റെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിലും കോണ്‍ഗ്രസിന്റെ സ്വാധീന കേന്ദ്രമായ അമേഠിയിലുമായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിലാണ് രാഹുല്‍ ഗാന്ധി. ഇതിനിടെയാണ് കാണ്‍പൂരിലെത്തി പഹല്‍ഗാം ആക്രമണത്തിലെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

പാകിസ്ഥാന് ഐഎംഎഫ് സഹായം: എതിര്‍പ്പുമായി കോണ്‍ഗ്രസ്

പാകിസ്ഥാന് 130 കോടി ഡോളറിന്റെ പുതിയ വായ്പ അനുവദിക്കുന്നത് പരിഗണിക്കാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ബോര്‍ഡ് മെയ് 9ന് യോഗം ചേരുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഈ സഹായത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഐഎംഎഫിന്റെ Resilience and Sustainability Faciltiy ക്ക് കീഴില്‍ പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ച വായ്പയെക്കുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. ‘ഈ സഹായത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കുറിച്ചു.

മെയ് 9ന് ചേരുന്ന ഐഎംഎഫ് എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന്റെ അജണ്ടയുടെ സ്‌ക്രീന്‍ഷോട്ടും ജയറാം രമേശ് പങ്കുവെച്ചു. ഇതില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട വായ്പാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാന്‍ ആസൂത്രണം ചെയ്ത പഹല്‍ഗാം ആക്രമണം നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും, ഈ ദുരന്തം സംഭവിക്കാന്‍ ഇടയാക്കിയ നമ്മുടെ സ്വന്തം ഇന്റലിജന്‍സ് പരാജയത്തെക്കുറിച്ച് വിലയിരുത്തണമെന്നും കഴിഞ്ഞ ഏപ്രില്‍ 24ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (CWC) പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.