പഹല്‍ഗാം ആക്രമണം: അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Jaihind News Bureau
Tuesday, April 29, 2025

പഗല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിച്ച് എന്‍ഐഎ. പാക് പ്രകോപനത്തിനിടെ അതിര്‍ത്തിയില്‍ സേന വിന്ന്യാസം ഇന്ത്യ വര്‍ധിപ്പിച്ചു. അതേസമയം യുദ്ധം ഉടനെന്ന് പാക് മന്ത്രിയുടെ പ്രസ്താവന കേന്ദ്രം പരിശോധിക്കുകയാണ്. അതേസമയം ഭീകരാക്രണ പശ്ചാത്തലത്തില്‍
പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സാഹചര്യം വിലയിരുത്താന്‍ അടിയന്തരമായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ ആവശ്യപ്പെട്ടു. പെഹല്‍ഗാം ഭീകരാക്രണത്തില്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചg. മോദിയെ കാണുന്നില്ലെന്നാണ് വിമര്‍ശനം.

ആക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ഹാഷിം മൂസ പാകിസ്ഥാന്‍ പാരാ കമാന്‍ഡോ ആണെന്നാണ് വിവരം. ഇയാള്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രത്യേക സേന അംഗമാണെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്ക് 2024 ഗന്ദേര്‍ബല്‍ തുരങ്കാക്രമണത്തില്‍ അടക്കം പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീരില്‍ ഭീകരര്‍ക്ക് സഹായം ചെയ്യുന്ന 15 ആളുകള്‍ അക്രമികള്‍ക്ക് വഴികാട്ടികളായെന്നും ലോജിസ്റ്റിക് സഹായം അടക്കം ചെയ്തു നല്‍കിയെന്നും കണ്ടെത്തി.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും സൂചന. എന്നാല്‍, ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശം ഇതുവരെ സുരക്ഷാസേന പുറത്തു വിട്ടിട്ടില്ല. ഏകദേശം ഒരു മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭീകരര്‍ക്കായി ത്രാള്‍, അനന്തനാഗ, കൊക്കര്‍ന്നാഗ് ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തുകയാണ്. അനന്തനാഗ് പൊലീസും കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്.

അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചുണ്ട്. പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കും സി ആര്‍ പി എഫ് സുരക്ഷ കൂട്ടി. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്നലെ രാത്രിയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചിരുന്നു. ഫലപ്രദമായി തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി. അതിനിടെ, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എന്‍ഐഎയും അറിയിച്ചു. കേരളത്തിലടക്കം എന്‍ഐഎ സംഘമെത്തുമെന്നാണ് വിവരം.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം. എംപിമാരുടെ സംഘത്തെ യുഎഇ, സൗദി തുടങ്ങി അറബ് രാജ്യങ്ങളിലേക്കയച്ചേക്കുമെന്നാണ് വിവരം. ശശി തരൂര്‍, അസദുദീന്‍ ഒവൈസി തുടങ്ങിയ എംപിമാരുള്‍പ്പെടുന്ന സംഘത്തെ പരിഗണിക്കും. പാകിസ്ഥാന്റെ തീവ്രവാദ നിലപാടും തുറന്ന് കാട്ടും. നയതന്ത്ര തലത്തിലെ തുടര്‍ നീക്കങ്ങളുടെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളോട് ഭീകരാക്രമണ വിവരങ്ങള്‍ അറിയാക്കാനും പാക്ക് പങ്ക് തുറന്നുകാണിക്കാനും ആലോചനകള്‍ നടക്കുന്നത്.