ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും. പൊതുദര്‍ശനം അവസാനിച്ചതോടെ ഇന്നലെ രാത്രി എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ഥനകള്‍ക്കിടെ കര്‍ദിനാള്‍ കെവിന്‍ ഫാരെലന്‍ മൃതദേഹപേടകം അടച്ചു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉള്‍പ്പെടെ വിവിധരാജ്യങ്ങളില്‍നിന്ന് 130 നേതാക്കള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന അന്ത്യശുശ്രൂഷയില്‍ പങ്കെടുക്കും. മൂന്നുദിവസമായി സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന മൃതശരീരത്തില്‍ വെള്ളിയാഴ്ചവരെ 1,28,000 പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറെ മുഖ്യകാര്‍മികത്വം വഹിക്കും. ശനിയാഴ്ചത്തെ പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയായി മൃതശരീരം സാന്താ മരിയ മാര്‍ജറി ബസിലിക്കയിലേക്കു കൊണ്ടുപോകും. റോമിലെ പുരാതനദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നാകും യാത്ര. പാവങ്ങളുടെ പാപ്പയായിരിക്കാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ സാന്താ മരിയ മാര്‍ജറിയില്‍ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പാപ്പയുടെ ആഗ്രഹപ്രകാരം ‘ഫ്രാന്‍സിസ്‌കസ്’ (ഫ്രാന്‍സിസ് എന്നതിന്റെ ലത്തീന്‍ നാമം) എന്നുമാത്രമേ ശവകുടീരത്തില്‍ എഴുതൂ. ഞായറാഴ്ച രാവിലെമുതല്‍ ജനങ്ങള്‍ക്ക് ശവകുടീരം സന്ദര്‍ശിക്കാം.