ഒന്‍പത് വര്‍ഷം കൊണ്ട് കേരളത്തെ പുതുവഴിയിലെത്തിച്ചെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ നവകേരളത്തെ പെരുവഴിയിലാക്കുകയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
നാലാം വാര്‍ഷികത്തിന്റെ പേരില്‍ സാധാരണക്കാരന്റെ നികുതിപ്പണമാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്. ജനങ്ങളുടെ ചെലവില്‍ പി.ആര്‍ വര്‍ക്ക് എന്നതിന് അപ്പുറം നാലാം വാര്‍ഷികത്തില്‍ കൊട്ടിഘോഷിച്ച് അവതരിപ്പിക്കാന്‍ എന്താണ് ഈ സര്‍ക്കാരിനുള്ളത്. കളങ്കിതരെ സംരക്ഷിച്ചും അഴിമതിക്ക് പരവതാനി വിരിച്ചും ജനത്തെ ദ്രോഹിച്ചതല്ലാതെ ഇടതു ഭരണം കൊണ്ട് ഒരു പ്രയോജനവുമില്ല.രണ്ടാമതൊരു അവസരം ഇവര്‍ക്ക് നല്‍കിയ അബദ്ധത്തില്‍ ജനം തലയില്‍ കൈവെച്ച് സ്വയംപഴിക്കുകയാണ്.കുടുംബത്തിന് വേണ്ടി അഴിമതി നടത്തിയ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ മുന്‍കാല കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനാണ്. ചെയ്യാത്ത സേവനത്തിന് കോടികള്‍ മാസപ്പടി വാങ്ങിയ മകളുടെ സാമ്പത്തിക ഇടപാട് എസ്എഫ്‌ഐഒ കണ്ടെത്തിയിട്ടും ഉളുപ്പും നാണവുമില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെയെന്നും സുധാകരന്‍ പരിഹസിച്ചു.
ജീവിക്കാനായി 100 രൂപ അധികം കൂലി ചോദിക്കുന്ന തൊഴിലാളികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് നൂറ് കോടിയോളം രൂപ വാര്‍ഷിക ആഘോഷത്തിന്റെ പേരില്‍ ധാരാളിക്കുന്നത്.കഴിഞ്ഞ 72 ദിനരാത്രങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ കണ്ണീര് തുടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ജനക്ഷേമ സര്‍ക്കാരെന്ന് അവകാശപ്പെടാന്‍ കഴിയുക. ആശുപത്രിയില്‍ മരുന്നുണ്ടോ? സിവില്‍ സപ്ലൈസിലും റേഷന്‍ കടകളിലും ഭക്ഷ്യ സാധനങ്ങളുണ്ടോ? ക്ഷേമപദ്ധതിയും പെന്‍ഷനും മുടങ്ങാതെ നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണിത്.
പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഉത്പ്പന്നം അഴിമതി മാത്രമാണ്. സര്‍വ്വതല സ്പര്‍ശിയായി അഴിമതി വളര്‍ന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയും അനധികൃത സ്വത്ത് സമ്പാദിക്കാനും മുഖ്യമന്ത്രിയാണ് പ്രചോദനം. തുടര്‍ഭരണം ധനസമ്പാദനത്തിനുള്ള ഉപാധിയാക്കിയ മുഖ്യമന്ത്രിയുടെ അദൃശ്യ സംരക്ഷകര്‍ ബിജെപിയാണ്. അവരുമായുള്ള ഇഴയടുപ്പം കൊണ്ട് മാത്രമാണ് കല്‍ത്തുറുങ്കില്‍ കിടക്കേണ്ട അദ്ദേഹം ഇപ്പോഴും അധികാര കസേരയിലിരുന്ന് ജനത്തെ ദ്രോഹിക്കുന്നതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.
അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ വാര്‍ഷിക ആഘോഷത്തിനായി നൂറ് കോടിയോളം രൂപ പരസ്യധൂര്‍ത്തിന് മാറ്റിവെച്ചത് നീതികരിക്കാന്‍ കഴിയുന്നതല്ല.
സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടിയാക്കി ഉയര്‍ത്തിയ പിണറായി സര്‍ക്കാര്‍ അതിന്റെ തിരിച്ചടവിനായി വീണ്ടും നികുതി വര്‍ധിപ്പിച്ച് ജനത്തെ പിഴിയാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് ഇത്തരം ഒരു ധൂര്‍ത്ത് അഭ്യാസം. പി.ആര്‍.ഡി വഴി അനുവദിച്ച 25.91 കോടി രൂപയുടെ 60 ശതമാനം തുകയും പിണറായി വിജയന്റെ ബ്രാന്റിംഗിനായിട്ടാണ് വിനിയോഗിക്കുന്നത്.
കേരളീയം, നവകേരള സദസ്സ് തുടങ്ങിയ മുഖ്യമന്ത്രിയുടെ പി.ആര്‍. വര്‍ക്ക്‌ഷോപ്പ് കേരളം കണ്ടതാണ്. കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. നവ കേരള സദസ്സെന്ന മാമാങ്കത്തില്‍ ലഭിച്ച പരാതികളില്‍ പലതും അട്ടപ്പുറത്താണ്. അത്താഴപട്ടിണിക്കാരുടെ അന്നം മുട്ടിച്ച് നടത്തുന്ന ഇത്തരം പ്രതിച്ഛായ നിര്‍മ്മിതിയെ ചോദ്യം ചെയ്യാന്‍ വിവേകമുള്ള ഒറ്റ കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും ഇല്ലാതെ പോയിയെന്നതാണ് ആ പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപചയമെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.