മനുഷ്യനും ആനയും തമ്മിലെ ആത്മബന്ധത്തിന്റെ വേറിട്ട കഥയാണ് അമ്പലപ്പുഴ സ്വദേശി ദില്‍ജിത്തിന്റേത്. ആന ചരിഞ്ഞ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ആത്മബന്ധം മുറിഞ്ഞിട്ടില്ല. കോന്നിയിലെ കാട്ടിലെങ്ങോ അടക്കം ചെയ്യപ്പെട്ട ആനയുടെ തര്‍പ്പണം മുടങ്ങാതെ നടത്തിവരികയാണ് ദില്‍ജിത്ത് . അമ്പലപ്പുഴ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് ദില്‍ജിത്ത്
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധനായ ആനയായിരുന്നു വിജയകൃഷ്ണന്‍. അമ്പലപ്പുഴ രാമചന്ദ്രന്‍ എന്ന ആന ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നെള്ളത്തുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. അന്നാട്ടിലെ പ്രമുഖമായ മറ്റു ക്ഷേത്രങ്ങളിലും അവനെത്തും ഉത്സവമായാല്‍. നാട്ടുകാര്‍ക്കും അത്രമേല്‍ പരിചിതനും പ്രിയങ്കരനുമായിരുന്ന ആന പക്ഷേ ദുരൂഹമായി ചരിയുകയായിരുന്നു. നാട്ടുകാര്‍ ഏറെ രോഷം പ്രകടിപ്പിച്ചങ്കിലും 2021ഏപ്രില്‍ 9ന് ആന വിടപറഞ്ഞു. വിജയകൃഷ്ണന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്നത് നാട്ടുകാരനും പൊതു പ്രവര്‍ത്തകനുമായ ദില്‍ജിത്തിനെയായിരുന്നു. ആ നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ ആനയെ കോന്നിയിലെ ഉള്‍ക്കാട്ടില്‍ വരെ അയാള്‍ അനുഗമിച്ചു. അവന്റെ ചിതയ്ക്ക് തീ കൊളുത്തി. ആനയുടെ ചിതാ ഭസ്മം കടലില്‍ ഒഴുക്കി തര്‍പ്പണം ചെയ്തു.
ആ ദിനം കഴിഞ്ഞിട്ട് നാലു വര്‍ഷം പിന്നിട്ടു. ഓരോ വര്‍ഷവും ദില്‍ജിത് കോന്നിയിലെ ഉള്‍ക്കാട്ടിലെത്തും ഏപ്രില്‍ 9ന്. വിജയകൃഷ്ണന്‍ ഉറങ്ങുന്ന ആ മണ്ണില്‍ പുഷ്പാര്‍ച്ചന ചെയ്യും. അവനുറങ്ങുന്ന മണ്ണില്‍ ഒരു പൂമാല സമര്‍പ്പിക്കും …ഭാരിച്ച ഹൃദയവുമായി അയാള്‍ മടങ്ങും..!!
അടുത്ത കൊല്ലവും ജീവനുണ്ടെങ്കില്‍ കാണാന്‍ വരുമെന്ന ഉറപ്പോടെ..
ഇത്തവണയും പതിവു തെറ്റിച്ചില്ല. കോന്നിയിലേയ്ക്കുള്ള യാത്രയില്‍ മകനെയും കൂടെ കൂട്ടി ദില്‍ജിത് . അവനും പഠിക്കട്ടെ മനുഷ്യനും സഹ്യപുത്രനും തമ്മിലെ ആത്മബന്ധത്തിന്റെ കഥകള്‍. വിജയകൃഷ്ണന്‍ എന്ന ആന ആ നാട്ടുകാര്‍ക്ക് എത്രമേല്‍ പ്രിയങ്കരനായിരുന്നു എന്ന് കൂടിയാണ് ദില്‍ജി ത്തിന്റെ ഈ സ്‌നേഹം ഓര്‍മ്മിപ്പിക്കുന്നത്. നാടിനും ഒരുപക്ഷേ നാട് കാക്കുന്ന ദേവനും ഒരുപോലെ പ്രിയങ്കരനായിരുന്നിരിക്കണം…അതുകൊണ്ടായിരിക്കണം അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മാനസപുത്രന്‍ എന്നാണ് വിജയകൃഷ്ണന്‍ അറിയപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ഒരാളെ ഉള്‍ക്കാട്ടില്‍ ഉപേക്ഷിക്കുവാന്‍ ആവാത്തത് കൊണ്ടാണ് അവന്റെ ഓര്‍മ്മയില്‍ എല്ലാ വര്‍ഷവും കാട് കയറുന്നത്… മറന്നിട്ടില്ല മകനെ..എന്നു മന്ത്രിച്ച് ഒരുപിടി അശ്രു പൂക്കള്‍ സമര്‍പ്പിച്ച് ദില്‍ ജിത്ത് മടങ്ങും…വീണ്ടുമെത്താനായി