എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്;വേതന കുടിശ്ശിക സര്‍ക്കാര്‍ തീര്‍ക്കണമെന്നാവശ്യം

Jaihind News Bureau
Sunday, April 13, 2025

 

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് ഒരുങ്ങുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കാത്തതിലാണ് സിഐടിയുവും ഐന്‍ടിയുസിയും അടങ്ങുന്ന സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധം. രാവിലെ മുതല്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കും. ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കില്ലന്ന നേരത്തെ നല്‍കിയ ഉറപ്പ് ലംഘിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് ആക്ഷേപം.

എസ്റ്റേറ്റ് മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. നിലവില്‍ സര്‍ക്കാരിന്റെ കയ്യിലാണ് ഭൂമിയെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ പറയുന്നു. രാവിലെ 10 മണിയോടെയാണ് പ്രതിഷേധം തുടങ്ങിയത്. എസ്റ്റേറ്റ് കവാടത്തിലെ ഔട്ട്ലെറ്റിന്റെ മുന്നില്‍ തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടൗണ്‍ഷിപ്പ് നടപ്പിലാകുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുക, ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, കുടിയിറക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് അഭയാമൊരുക്കുക എന്നിങ്ങനെയാണ് തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികളുടെ പ്രശ്‌നം കാണേണ്ട മര്യാദ ജില്ലാ കലക്ടര്‍ പാലിച്ചില്ലെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും സിഐടിയു ജില്ലാ ട്രഷററും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ഗഗാരിന്‍ പറഞ്ഞു

300 ഓളം തൊഴിലാളികള്‍ക്കായി 11 കോടിക്ക് മുകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ട്. ഭൂമിക്കായി സര്‍ക്കാര്‍ കെട്ടിവച്ച 44 കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ആവശ്യം.തങ്ങള്‍ പുനരധിവാസത്തിന് എതിരല്ലെന്നും സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി..