മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ മാസപ്പടി കേസില്‍ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷമുണ്ടാവുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. എറണാകുളത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാർക്കെതിരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ചിന്‍റെ ഉദ്ഘാടന വേളയിലാണ് സംഘര്‍ഷമുണ്ടായത്. നാല് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിയായ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.