ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. ‘ലേഖനത്തെ ഭയമില്ല, വര്‍ഗീയതയെ ഭയമുണ്ട്’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം കൊടുത്തിരിക്കുന്നത്.
ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു. ചര്‍ച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമര്‍ശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആര്‍എസ്എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവര്‍ക്ക് രക്ഷയുമായി വരുന്നതെന്നുമാണ് ദീപിക മുഖപ്രസംഗത്തിലൂടെ ആര്‍.എസ്.എസ്സിനെ പരിഹസിക്കുന്നത്.
ആര്‍എസ്എസ് പിന്‍വലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേല്‍പ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാ സഭയാണ്. ആര്‍എസ്എസ് ലേഖനത്തിലും അതാണു കാണുന്നത്. ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് കുറിപ്പിനെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വിവാദ ലേഖനം വന്നത്. കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ഭൂവുടമ സഭയാണെന്നുമാണ് ഓര്‍ഗനൈസറിലെ ലേഖനം. വിവാദമായതോടെ ഓര്‍ഗനൈസര്‍ ലേഖനം പിന്‍വലിച്ചിരുന്നു.