ഗോകുലം ഗോപാലനെതിരേ ഇഡി അന്വേഷണം 1000 കോടിയുടെ വിദേശനാണയ ലംഘനത്തിന്റേത് ; വഞ്ചനാ കേസുകളും പരിഗണിക്കുന്നു

Jaihind News Bureau
Friday, April 4, 2025

സിനിമ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിലും ശാഖകളിലും ഉള്‍പ്പെടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ പരിശോധന നടന്നത് വിദേശനാണയ വിനിമയച്ചട്ട ലംഘന(ഫെമ)വുമായി ബന്ധപ്പെട്ടാണെന്നു സൂചന. 1000 കോടിയോളം രൂപയുടെ നിയമലംഘനം നടന്നെന്ന സൂചനയാണ് ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം ഇതിവൃത്തമായതിന് സംഘപരിവാറിന്റെ രൂക്ഷ വിമര്‍ശനം നേരിട്ട എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഗോകുലം ഗോപാലന്‍. പരിശോധനയുടെ ഭാഗമായി ഗോകുലം ഗോപാലനെയും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തതായാണ് സൂചന.

ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസിലാണ് ഇഡി സംഘം ആദ്യംറെയ്ഡിനെത്തിയത്. ഇതിനുപിന്നാലെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും പരിശോധന ആരംഭിച്ചു. ഇഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് വിവരം. വിദേശനാണയ വിനിമയച്ചട്ട ലംഘന(ഫെമ)വുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. നേരത്തെ ഒരു തവണ ഗോകുലം ഗോപാലനെ ഇ ഡി ഇതേ കേസില്‍ ചോദ്യംചെയ്തിരുന്നു.

‘നിലവില്‍, അഞ്ച് സ്ഥലങ്ങളിലാണ് ഇന്നു റെയ്ഡ് നടന്നത്. എന്‍ആര്‍ഐകളുമായും മറ്റ് അനധികൃത ഇടപാടുകളിലുമായി 1,000 കോടി രൂപയുടെ വിവിധ ഫെമ വ്യവസ്ഥകളുടെ ലംഘനം ആരോപിച്ചാണ് കേസ്. പിഎംഎല്‍എ (പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) പ്രകാരം കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചന, വ്യാജ കേസുകള്‍ എന്നിവയും ഇഡി പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം.

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി പരിശോധന നടന്നത്. രാഷ്ട്രീയ സന്ദേശമുള്ള സിനിമ തന്റെ ഉദ്ദേശ്യമല്ലെന്ന വിവാദങ്ങള്‍ക്കില്ലെന്നും ഗോപാലന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.