നോട്ടുചാക്കും ജഡ്ജിസാറും: ജനങ്ങള്‍ ഉണ്ടാക്കിയ നിയമത്തിനു വിധേയപ്പെടാന്‍ ജഡ്ജിമാരും ബാധ്യസ്ഥരാണ്.

Jaihind News Bureau
Wednesday, March 26, 2025

സമീപകാല ജനാധിപത്യത്തിലെ ഏറ്റവും നാണക്കേടായിരുന്നു ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം. ജഡ്ജിമാരെല്ലാം കള്ളന്മാരും അഴിമതിക്കാരുമാണ് എന്ന വാദമല്ല, പക്ഷേ, ഒരു രാഷ്ട്രീയക്കാരന്റേയോ ഉദ്യോഗസ്ഥന്റേയോ അല്ലെങ്കില്‍ സാധാരണ പൗരന്റേയോ പക്കല്‍ നിന്നായിരുന്നു ഈ പണം കണ്ടെത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.. ? ഈ വിഷയത്തില്‍ ഒരു എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തേണ്ടത് പോലീസോ ഇ ഡിയോ സി ബി ഐയോ ആണെന്നിരിക്കെ ഏത് നിയമത്തിന്റെ/ചട്ടത്തിന്റെ പിന്‍ബലത്തിലാണ് സുപ്രീം കോടതിയുടെ ഒരു കമ്മിറ്റി മാത്രം ഇത് അന്വേഷിക്കുന്നതും മറ്റു അന്വേഷണങ്ങള്‍ നടക്കാത്തതും? ഉന്നതങ്ങളില്‍ ഇരുന്നു വിധി പ്രസ്താവിക്കുന്നവര്‍ സ്വന്തം കാര്യം വന്നപ്പോള്‍ കാണിക്കുന്ന ഈ ഏര്‍പ്പാട് തുല്യ നീതിക്കു നേരെ പല്ലിളിച്ചു കാണിക്കുന്നതിന് സമമാണ്.

അഡ്വ. ജോജി ജോര്‍ജ് ജേക്കബ് എഴുതുന്നു…..

ജഡ്ജിമാരെല്ലാം കള്ളന്മാരും അഴിമതിക്കാരുമാണെന്ന് വാദിക്കാനല്ല ഈ ലേഖനം. എന്നാല്‍ അവരെല്ലാം വിശുദ്ധന്മാരാണെന്നു സ്ഥാപിക്കാനും അല്ല. ജഡ്ജിമാര്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവരാണെന്നും അവര്‍ തെറ്റ് ചെയ്യാത്തവരും കറപുരളാത്തവരും മനസ്സുകൊണ്ടുപോലും പാപം ചെയ്യാത്തവരുമാണെന്നുള്ള വലിയ വിഡ്ഢിത്തരം എന്തിനോ വേണ്ടി സ്വയം വിഴുങ്ങി ജീവിക്കുന്നവരാണ് സാമാന്യ ജനം. കാലമേറെ ആയിട്ടും ആശ്വാസകരമല്ലാത്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടും, ജുഡിഷ്യറിയിലെ കൊള്ളരുതായ്മകള്‍ ഒരിക്കലും വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായിട്ടില്ല .

രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥ വൃന്ദത്തെയും അപേക്ഷിച്ച് ജനാധിപത്യ സംവിധാനത്തില്‍ കാര്യമാത്രപ്രസക്തമായ check and balance ഒട്ടുമേ ഇല്ലാത്ത ഘടകമാണ് ഉന്നത ജുഡീഷ്യറി. ഉള്ളതാകട്ടെ, അവര്‍ സ്വയം നെയ്‌തെടുത്ത പട്ടുനൂല്‍ കെട്ടുകളും. ഞങ്ങള്‍ ഞങ്ങളെ നിയമിക്കും, ഞങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഞങ്ങള്‍ തന്നെ അന്വേഷിക്കും, അതില്‍ ഞങ്ങള്‍ തന്നെ തീരുമാനം എടുക്കും. ആഹാ… എത്ര മനോഹരമായ ആചാരങ്ങള്‍. ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരുടെ അഴിമതി തടയാന്‍ രൂപം കൊടുത്ത ലോക്പാല്‍ സംവിധാനത്തില്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്താത്തത് അത്ര നിഷ്‌ക്കളങ്കമായ ഒരു തീരുമാനമല്ല എന്ന് ഈ അടുത്തകാലത്ത് അഭിപ്രായപ്പെട്ടത് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ തന്നെയാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 121 ,124 , 211 , 217 എന്നിവയില്‍ സംരക്ഷിക്കപ്പെടേണ്ടത് നേരും നെറിയും നീതിബോധവുമുള്ള ആദരണീയരായ ജഡ്ജിമാരുടെ അന്തസ്സാണ്. അഴിമതിക്കാരന്റെ കള്ളപ്പണവും കൊള്ളരുതാത്തവന്റെ നീചപ്രവര്‍ത്തികളും അല്ല. വീരസ്വാമി കേസിലൂടെ ജഡ്ജിമാര്‍ ഉണ്ടാക്കിവെച്ച സംരക്ഷണ കവചം ഈ സംവിധാനത്തിലെ അഴിമതിക്കാര്‍ക്ക് ഗര്‍ഭപാത്രത്തിന്റെ സുരക്ഷ പ്രദാനം ചെയ്യുന്നു. ജഡ്ജിയുടെ വീട്ടില്‍ നോട്ടുചാക്ക് കണ്ടപ്പോള്‍ അത് ഒതുക്കാന്‍ ശ്രമിച്ച പോലീസുകാരെനെയോ ഫയര്‍ ഫോഴ്സുകാരനെയോ കുറ്റം പറയാന്‍ പറ്റില്ല. കാരണം നാട് മൊത്തം നാറിയാലും മേലാളന്മാരുടെ അധോവായു സുഗന്ധമാണെന്നു വരുത്തി തീര്‍ക്കേണ്ടത് പാവപ്പെട്ട പോലീസുകാരന്റെയും ഫയര്‍ ഫോഴ്സുകാരന്റെയും വ്യവസ്ഥാപിത ചുമതലയാണ്. അതുകൊണ്ടുതന്നെ അവരാല്‍ കഴിയുന്ന രീതിയില്‍ അവര്‍ അത് ചെയ്യാന്‍ ശ്രമിച്ചു. പാവങ്ങള്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതു അവരുടെ കൈയില്‍ ഒതുങ്ങിയില്ല. എന്തായാലും സുപ്രീം കോടതിയില്‍ ഉള്ള ചിലരുടെ തലയില്‍ ആള്‍താമസം ഉണ്ട്. അതുകൊണ്ടു ഞങ്ങളെ കുറിച്ച് ആരും ചര്‍ച്ചപോലും ചെയ്യരുതെന്ന gag order ഒന്നും ഇറക്കാന്‍ മെനക്കെട്ടില്ല. മാത്രവുമല്ല, ചിത്രങ്ങള്‍ പൊതുജന മധ്യത്തിലേക്കു വെബ്‌സൈറ്റ് മുഖേന ലഭ്യമാകുകയും ചെയ്തു. അത്രയും നല്ലത്

എല്ലാവരും കള്ളന്മാരോ കള്ളത്തരത്തിന് കുട പിടിക്കുന്നവരോ ആണെന്നുള്ള ചിന്ത ജനങ്ങളില്‍ വരാതിരിക്കാന്‍ ഇതുകൊണ്ടു സാധിച്ചു. ഒരു മന്ത്രിയുടെയോ രാഷ്ട്രീയ നേതാവിന്റെയോ വീട്ടില്‍ നിന്നാണ് ഈ നോട്ടു ചാക്ക് കിട്ടിയതെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു ? പോലീസ് , ഇ ഡി , എന്‍ ഐ എ , സി ബി ഐ എന്നുവേണ്ട ഈ രാജ്യത്തുള്ള എല്ലാ ഏജന്‍സികളും പാഞ്ഞെത്തിയേനെ. ജനാധിപത്യത്തിനു കളങ്കം പറ്റിയെന്നും തകര്‍ന്നെന്നും നിരീക്ഷിച്ചു ഹൈക്കോടതി വിധി പ്രസ്താവിക്കും. മാധ്യമങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തി ചാക്ക് കെട്ടിലെ ഓരോ നോട്ടും എവിടെ നിന്ന് വന്നു എന്ന് കണ്ടെത്തും. മന്ത്രി രാജിവെക്കും. മന്ത്രിസഭ താഴെ പോകും. പുതിയ ഇലക്ഷന്‍ വരും. അങ്ങനെ എന്തും സംഭവിക്കാം. ( ഇങ്ങനെയൊന്നും വേണ്ട എന്നല്ല പറഞ്ഞുവരുന്നത്).

ഒരു സാധാരണ പൗരന്റെ വീട്ടില്‍ നിന്നാണ് ഇതു കണ്ടെത്തിയതെങ്കിലോ? പുവര്‍ മാന്‍, ഈ സമയത്തിനുള്ളില്‍ അയാള്‍ ആത്മഹത്യ ചെയ്തട്ടുണ്ടാകും . വീരസാമി കേസിലെ വിധി പ്രകാരം ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ എഫ് ഐ ആര്‍ ഇടണമെങ്കില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് അപേക്ഷ കൊടുക്കണം. നാളിതുവരെ ഒരു ഏജന്‍സിയും അങ്ങനൊരു അപേക്ഷ കൊടുത്തതായി കാണുന്നില്ല. ആകെ നടക്കുന്നത് – ഞങ്ങള്‍ കമ്മിറ്റി കൂടി, ഞങ്ങള്‍ തന്നെ അന്വേഷിക്കുന്ന ഒരേര്‍പ്പാട്. ഈ നാട്ടില്‍ എല്ലാവര്‍ക്കും ഒരേ നിയമമാണ് എന്ന് ഉന്നതങ്ങളില്‍ ഇരുന്നു വിധി പ്രസ്താവിക്കുന്നവര്‍ സ്വന്തം കാര്യം വന്നപ്പോള്‍ കാണിക്കുന്ന ഈ ഏര്‍പ്പാട് തുല്യ നീതിക്കു നേരെ പല്ലിളിച്ചു കാണിക്കുന്നതിന് സമമാണ്. ഈ വിഷയത്തില്‍ ഒരു എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തേണ്ടത് പോലീസോ ഇ ഡിയോ സി ബി ഐയോ ആണെന്നിരിക്കെ ഏത് നിയമത്തിന്റെ/ചട്ടത്തിന്റെ പിന്‍ബലത്തിലാണ് സുപ്രീം കോടതിയുടെ ഒരു കമ്മിറ്റി മാത്രം ഇത് അന്വേഷിക്കുന്നതും മറ്റു അന്വേഷണങ്ങള്‍ നടക്കാത്തതും?

നോട്ടുചാക്ക് കണ്ടെത്തിയതുപോലെ, ഒരു പക്ഷേ അതിലേറെ ഇളിഭ്യമായ ഒന്നാണ് ആരോപണ വിധേയനായ വ്യക്തിയെ ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുള്ള നടപടി. എന്ത് കോമാളിത്തരമാണിത് ഏമാന്മാരെ? നിങ്ങള്‍ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുത്. ഡല്‍ഹിയിലെ പുക വായുവില്‍ നിന്ന് മുക്തനായി അലഹബാദിലെ പുണ്യ കാറ്റടിക്കുമ്പോള്‍ മേല്പറഞ്ഞ ജഡ്ജിയുടെ ചെയ്തികള്‍ കുറ്റമല്ലാതാകും എന്നാണോ? തൈലാദി വസ്തുക്കള്‍ അശുദ്ധമാകില്‍ , പൗലോസ് തൊട്ടാല്‍ അത് ശുദ്ധമാകും. വെറുതെ ചിരിപ്പിക്കരുത് മൈ ലോര്‍ഡ്.

കാലം മായ്ക്കാത്തതായി ഒന്നും തന്നെ ഇല്ല. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഈ ജഡ്ജി നല്ലവരില്‍ നല്ലവനായിരുന്നെന്നും ശുദ്ധരില്‍ ശുദ്ധനും നീതിമാന്മാരില്‍ നീതിമാനും ആയിരുന്നെന്നും അതിനാല്‍ ഇദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ഗൂഢാലോചന ചെയ്ത് ഫയര്‍ ഫോഴ്സിലെ ഒരു ജീവനക്കാരന്‍ കൊണ്ടിട്ടതാണ് ആ നോട്ടു ചാക്കെന്നും കേട്ടാല്‍ ജനം ഞെട്ടരുത്.

ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് ഈ ജഡ്ജി പ്രസ്താവിച്ച വിധിന്യായങ്ങളെ അനുബന്ധപ്പെടുത്തിയാണ്. കാശ് മേടിച്ചു ഒരു ഭാഗത്തിന് വേണ്ടി വിധി എഴുതുമ്പോള്‍ മറുഭാഗത്തു തകന്നടിഞ്ഞ ഒരു കക്ഷിയുണ്ട്. ഒരു ജീവിതമുണ്ട്, ഒരു കുടുംബമോ, സമൂഹമോ തന്നെയുണ്ട്. ഒരു ഹൈക്കോടതി ജഡ്ജിയുടെ വിധി അപ്പീല്‍ ചെയ്യപ്പെട്ടിട്ടിലെങ്കില്‍ കീഴ്‌കോടതികളെ സംബന്ധിച്ചു പ്രീസിഡന്‍സ് (കീഴ്‌കോടതികള്‍ പാലിക്കാന്‍ ബാധ്യസ്ഥമായ നിയമം). അതായത്, കാശ് മേടിച്ചു വിധി എഴുതുമ്പോള്‍ അത് ബാധിക്കുന്നത് കേവലം ഒരു കേസില്‍ മാത്രമല്ല. അനേകര്‍ക്കുള്ള നീതി ലഭ്യതയില്‍ വിഘ്നം തീര്‍ക്കുന്ന ഒന്നായി അത് പരിണമിക്കുന്നു. ഇവരുടെയെല്ലാം കഷ്ടനഷ്ടങ്ങള്‍ക്ക് ആര് ഉത്തരം പറയും? പക്ഷപാതപരമായ വിധിയിലൂടെ അവര്‍ അനുഭവിച്ച വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും എന്ത് പ്രതിവിധിയാണ് ഉള്ളത് ? വന്‍കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ ഇരകളായ കക്ഷികളും അവരുടെ അഭിഭാഷകരും നേരിട്ട ദുരന്തം വിസ്മരിക്കപ്പെടുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത സംരക്ഷിക്കാനെന്ന പേരില്‍ ഇത്തരക്കാരെ സംരക്ഷിക്കുമ്പോള്‍, ഇതെല്ലം മൂടി വെക്കാന്‍ ശ്രമിക്കുമ്പോള്‍, ജുഡീഷ്യറി വാഴ്ത്തപ്പെടുകയല്ല ചെയുന്നത്, ഇകിഴ്ത്തപ്പെടുകയാണ്.

നീതിബോധമുള്ള മാതൃകാപരമായ ജീവിതം നയിക്കുന്ന കറകളഞ്ഞ വ്യക്തിത്വത്തിനുടമകളായ അനേകം ജഡ്ജിമാരുടെ അന്തസ്സിനു കൂടി വില പറയുകയാണ് അത്തരം മൂടിവെക്കലുകള്‍. ജനങ്ങള്‍ക്ക് എല്ലാം അറിയാന്‍ അവകാശമുള്ള ഈ കാലഘട്ടത്തില്‍ സ്വയസംരക്ഷണ കവചം തീര്‍ത്തു ജുഡീഷ്യറി കൂടുതല്‍ മലീമസമാകാതെ പുഴുക്കുത്തുകളെ പുറത്തെറിഞ്ഞു ഈ സംവിധാനത്തിന്റെ മാന്യത സംരക്ഷിക്കന്‍ ഉന്നത ജുഡിഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. നിങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ ഉണ്ടാകുന്ന നിയമമല്ല, രാജ്യത്തിനു വേണ്ടി ജനങ്ങള്‍ ഉണ്ടാക്കിയ നിയമത്തിനു വിധേയപ്പെടാന്‍ ജഡ്ജിമാരും ബാധ്യസ്ഥരാണ്. നീതിബോധവും സത്യസന്ധതയും നീണാള്‍ വാഴട്ടെ