സര്‍ക്കാര്‍ കനിവ് കാട്ടിയില്ല; വിങ്ങിപ്പൊട്ടി കരഞ്ഞ് ആശാവര്‍ക്കര്‍മാര്‍

Jaihind News Bureau
Wednesday, March 19, 2025

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലംകണ്ടില്ല. സര്‍ക്കാരുമായി ആശമാര്‍ നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ  സെക്രട്ടറിയറ്റിനു മുന്നിലെ സമരപന്തല്‍ ശോകമൂകമായി. ആവേശത്തോടെ മുദ്രാവാക്യമുയര്‍ത്തിയ പലരും വിങ്ങിപ്പൊട്ടി. മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്‍ന്നു.

ഉന്നയിച്ച ഒരാവശ്യത്തെക്കുറിച്ചും ചര്‍ച്ച നടന്നില്ലെന്ന് ഹാളിനു പുറത്തു വന്ന സമരസമിതി നേതാക്കള്‍ അറിയിച്ചു. പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചതു പോലുമില്ല. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ ഡയറക്ടര്‍ തയ്യാറായില്ല. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ചും ഒരു ചര്‍ച്ചയും ഉണ്ടായില്ല. സമരം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മുന്നോട്ടുവച്ചത്. അതേസമയം മന്ത്രിയുമായി ചര്‍ച്ച വേണമെന്ന് ആവശ്യം സമരസമിതിയും മുന്നോട്ടുവച്ചു. എന്നാല്‍ ഇതില്‍ ഒരു ഉറപ്പും നല്‍കിയില്ല. ഒരാവശ്യവും അംഗീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേവലം കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഹാളില്‍ നടന്നത്

ഖജനാവില്‍ പണമില്ലെന്നതാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമായി ചര്‍ച്ചയ്ക്കിടെ വന്നത്. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സമയം വേണമെന്നും ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ആ തീരുമാനത്തില്‍ മാറ്റമില്ല. നാളെ രാവിലെ 11 മണി മുതല്‍ നിരാഹാര സമരം ആരംഭിക്കും. ഒട്ടേറെ ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിന് സന്നദ്ധരായിട്ടുണ്ട്. അതിനാല്‍ നറുക്കെടുപ്പിലൂടെ ആകും നിരാഹാര സമരക്കാരെ കണ്ടെത്തുക

ആശമാരുടെ ജീവിത സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ കനിവ് കാട്ടിയില്ല എന്ന് ആശമാര്‍ പരാതിപ്പെട്ടു. ചിലര്‍ വിങ്ങിപ്പൊട്ടി കരഞ്ഞു. എങ്കിലും അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. കനത്ത മഴയും കടുത്ത വെയിലും ഏറ്റ് ആശാവര്‍ക്കര്‍മാര്‍ അവരുടെ അതിജീവന സമരം തുടരും