ഐഒസി മാനേജരായത് മുതല്‍ കൈക്കൂലി വാങ്ങിച്ചിരുന്നു; അലക്‌സ് മാത്യുവിന്‍റെ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തി വിജിലന്‍സ്

Jaihind News Bureau
Sunday, March 16, 2025

കൈക്കൂലി വാങ്ങിയതില്‍ വിജിലന്‍സ് പിടിയിലായ ഐഒസി ഡിജിഎം അലക്‌സ് മാത്യവിന്റെ പക്കലുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തി. കൊച്ചയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ രേഖകളും സാമ്പത്തിക ഇടപാടിന്റെ മറ്റ് ചില രേഖകളും വിജിലന്‍സ് കണ്ടെത്തി. അലക്‌സ് മാത്യു ഐഒസി മാനേജരായത് മുതല്‍ കൈക്കൂലി വാങ്ങിച്ചതായും സൂചനയുണ്ട്.

അലക്‌സ് മാത്യുവിനെതിരെയുള്ള കൂടുതല്‍ തെളിവുകളാണ് വിജിലന്‍സ് സംഘം കണ്ടെത്തുന്നത്. ഐഒസി മാനേജരായത് മുതല്‍ കൈക്കൂലി വാങ്ങിച്ചതായും സൂചനയുണ്ട്. ഇതിന്റെ അടസ്ഥാമത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്. വിജിലന്‍സ് സംഘം ഇയാളുടെ കൊച്ചിയിലെ വിട്ടില്‍ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക രേഖകളടക്കം കണ്ടെത്തിയത്. ഇയാളുടെ പക്കല്‍ 29 ലക്ഷം രൂപയുടെ നിക്ഷേപമുള്ളതായും കണ്ടെത്തി. അതോടൊപ്പം വീട്ടില്‍ നിന്ന് വിദേശ മദ്യ കുപ്പികളും കണ്ടെടുത്തു. അതേസമയം ഇന്നലെ രാത്രിയിലും അന്വേഷണം സംഘം അലക്‌സ് മാത്യുവിന്റെ കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും കുറവന്‍കോണം പണ്ഡിറ്റ് കോളനിയില്‍ താമസക്കാരനുമായ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എത്തിയത്.
രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ പിടികൂടുന്നത്.

ശനിയാഴ്ച രാത്രി 7.30ഓടെ കുറവന്‍കോണത്തെ വീട്ടില്‍വെച്ച് കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം കടയ്ക്കലില്‍ ഐഒസിയുടെ ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാഗത്ത് മറ്റ് മൂന്ന് ഏജന്‍സികള്‍ കൂടി ഐഒസിക്കുണ്ട്. രണ്ട് മാസം മുമ്പ് അലക്‌സ് മാത്യു പരാതിക്കാരനെ ഫോണില്‍ വിളിച്ച് കൊച്ചിയിലെ തന്റെ വീട്ടില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം കൊച്ചിയിലെത്തിയ പരാതിക്കാരനോട് ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയത് . ഇതിനു പിന്നാലെയാണ് മനോജ് പോലീസില്‍ പരാതി നല്‍കിയത്.