കൊച്ചി കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റല്‍ കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പൊലീസ്. കോളജിനകത്ത് മാത്രമല്ല കളമശേരിയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത് ഈ ഹോസ്റ്റലില്‍ നിന്നാണ്. ഇത്തവണ ഹോസ്റ്റലിലേക്ക് എത്തിയത് നാല് കഞ്ചാവ് പൊതികളാണ്. രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്. കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്താണ് കേസില്‍ വഴിത്തിരിവായത്. ഒരു മുറിയില്‍ നിന്നും 1.9 കിലോയും വേറൊരു മുറിയില്‍ നിന്നും 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 9.7 ഗ്രാം കഞ്ചാവു പിടിച്ചെടുത്ത മുറിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി, താമസിക്കുന്ന കുട്ടികള്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കാതെ, പോളിടെക്‌നിക് മേലധികാരികളുടെ രേഖാമൂലമുള്ള അനുമതിയും വാങ്ങിയാണ് റെയ്ഡ് നടത്തിയത്.
കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേസില്‍ പിടിയിലായ ആഷിക് ആണ് പ്രധാന ലഹരി ഇടപാടുകാരന്‍. പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവിടെവച്ചുതന്നെ പാക്കറ്റുകള്‍ ആക്കി പുറത്തേക്ക് വിതരണം നടത്തും. ഇതായിരുന്നു നടത്തി വന്നിരുന്നത്. കളമശ്ശേരിയിലെ വിവിധ ഇടങ്ങളിലേക്ക് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് എത്തിച്ചു നല്‍കി. കോളജിന് പുറത്തുള്ളവര്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഹോളി ആഘോഷത്തിന് മുന്നോടിയായി കോളജില്‍ കൊണ്ടുവന്നത് നാലു പൊതി കഞ്ചാവാണ്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്. പരിശോധന സമയത്ത് ആകാശിന് വന്ന ഫോണ്‍ കോളിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. റിമാന്‍ഡിലുള്ള വിദ്യാര്‍ത്ഥി ആകാശിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ലഹരി എത്തിച്ചു നല്‍കിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. കൊല്ലം സ്വദേശിയായ ഈ വിദ്യാര്‍ത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നല്‍കിയിട്ടുണ്ട്. ലഹരി എത്തിച്ച് നല്‍കിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടന്‍ പിടികൂടും.