എസ്എഫ്ഐ പിരിച്ചുവിടണം; മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയം-രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 15, 2025

കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്‍റെ പ്രധാന ഉത്തരവാദി എസ്എഫ്ഐയാണെന്ന ഗുരുതര ആരോപണ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ പ്രസ്ഥാനത്തെ രൂക്ഷമായി ചെന്നിത്തല വിമര്‍ശിച്ചു. കലാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എസ്എഫ്ഐ പിരിച്ചുവിടുകയാണ് വേണ്ടതെന്നും എസ്എഫ്ഐക്ക് മുഖ്യമന്ത്രി പൂര്‍ണ പ്രോത്സാഹനം നല്‍കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എസ്എഫ്ഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് എപ്പോഴും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അവര്‍ക്കു നല്‍കിയ പ്രോല്‍സാഹനം. ഒമ്പത് വര്‍ഷമായി കേരളം ഭരിച്ചിട്ടും പിണറായിക്ക് മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് പിണറായിയുടെ വീഴ്ചയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.