പാക്ക് ട്രെയിന്‍ തീവ്രവാദികള്‍ കുടുക്കിയത് തുരങ്കത്തിനടുത്ത് :ക്വറ്റയില്‍ അടിയന്തരാവസ്ഥ: ആദ്യ ചിത്രങ്ങള്‍ പുറത്ത്

Jaihind News Bureau
Tuesday, March 11, 2025

ബലൂചിസ്ഥാനിലെ ബോളാന്‍ ജില്ലയ്ക്ക് സമീപം പെഷവാറിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ ബലൂച് തീവ്രവാദികള്‍ പിടിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. 11 പേരെ തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആളപായത്തെക്കുറിച്ചുള്ള സ്ഥിരീകരണം ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല. ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുന്ന ജാഫര്‍ എക്‌സ്പ്രസാണ് റാഞ്ചിയത്. ഒമ്പത് കോച്ചുകള്‍ അടങ്ങുന്ന ട്രെയിനില്‍ ഏകദേശം 500 യാത്രക്കാരുണ്ടെന്ന് റെയില്‍വേ കണ്‍ട്രോളര്‍ മുഹമ്മദ് കാഷിഫ് പറഞ്ഞു. എട്ടാം നമ്പര്‍ ടണലില്‍ ആയുധധാരികളായ ആളുകള്‍ ട്രെയിനു നേരേ വെടിയുതിര്‍ത്ത ശേഷം ട്രെയിന്‍ തടയുകയായിരുന്നു. ജാഫര്‍ എക്‌സ്പ്രസിലെ സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 180 യാത്രക്കാരെ ബന്ദികളാക്കിയതായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു.ബന്ദികളില്‍ സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചതായും അറിയുന്നു.

ട്രെയിനിലെ സുരക്ഷാ സൈനികരായ ഒമ്പതു പേരെ വധിച്ചതായും റി്‌പ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെയും ജീവനക്കാരെയും ബന്ധപ്പെടാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇവരില്‍ ഭൂരിപക്ഷവും പാകിസ്ഥാന്‍ സൈന്യത്തിലേയും പോലീസ്- തീവ്രവാദ വിരുദ്ധ സേനയിലേയും കൂടാതെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് എന്നിവയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇവരെല്ലാം അവധിയില്‍ പഞ്ചാബിലേക്ക് യാത്ര ചെയ്തവരാണ്. സുരക്ഷാ പ്രവര്‍ത്തനത്തിന് ഏറ്റവും വെല്ലുവിളിയാകുന്നത് ആ പ്രദേശത്തിന്റെ സ്വഭാവമാണ് .പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഈ മേഖലയിലെ ഒരു തുരങ്കത്തിന് തൊട്ടുമുമ്പാണ് ട്രെയിന്‍ കുടുങ്ങിയത് ഇത് തീവ്രവാദികള്‍ക്ക് ഒളിത്താവളങ്ങള്‍ കണ്ടെത്താനും ആക്രമണം ആസൂത്രണം ചെയ്യാനും എളുപ്പമാക്കുന്നു

സര്‍ക്കാരിന്റെ പ്രസ്താവന പ്രകാരം ക്വറ്റയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സുകളും സുരക്ഷാ സേനയും സംഭവസ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, പാറക്കെട്ടുകള്‍ കാരണം ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ശാന്തരായിരിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി

തീവ്രവാദികളുടെ നീക്കത്തെ സര്‍ക്കാര്‍ അപലപിച്ചു. ”നിരപരാധികളായ യാത്രക്കാരെ വെടിവയ്ക്കുന്ന മൃഗങ്ങള്‍ യാതൊരു ഇളവുകളും അര്‍ഹിക്കുന്നില്ല” എന്ന് ബലൂച് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി സംഭവത്തെ അപലപിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു. സിന്ധ് ആഭ്യന്തര മന്ത്രി സിയാവുള്‍ ഹസ്സന്‍ ലഞ്ചറും സംഭവത്തെ ശക്തമായി അപലപിച്ചു.

ഒന്നര മാസത്തിലേറെയായി നിര്‍ത്തിവച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ക്വറ്റയ്ക്കും പെഷവാറിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ പാകിസ്ഥാന്‍ റെയില്‍വേ പുനഃസ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ബലൂചിസ്ഥാനില്‍ ഭീകരാക്രമണങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 2024 നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

ഇസ്ലാമാബാദ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് പാക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് സ്റ്റഡീസ് (പിഐപിഎസ്) ജനുവരിയില്‍ പുറത്തിറക്കിയ സുരക്ഷാ റിപ്പോര്‍ട്ട് കാണിക്കുന്നത് 2024 ല്‍ ഭീകരാക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു എന്നാണ്. പാകിസ്ഥാനുള്ളിലെ പ്രവിശ്യകളുടെ ഭരണം തീവ്രവാദികളില്‍ എത്തിയിട്ടില്ലെങ്കിലും ഇനി നിയന്ത്രിച്ചിട്ടില്ലെങ്കിലും, ഖൈബറിലേയും ബലൂചിസ്ഥാനിലേയും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ ‘ഭയാനകമാണ്. 2024 ല്‍ രേഖപ്പെടുത്തിയ ഭീകരാക്രമണങ്ങളില്‍ 95 ശതമാനത്തിലധികവും ഇവിടം കേന്ദ്രീകരിച്ചാണ് . ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) തുടങ്ങിയ വിവിധ നിരോധിത ബലൂച് വിമത ഗ്രൂപ്പുകളുടെ ആക്രമണങ്ങളില്‍ 119 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു