ചരിത്ര ഉല്‍സവമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി ഭക്തര്‍

Jaihind News Bureau
Tuesday, March 11, 2025

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ  7-ാം ദിനത്തിലും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മാര്‍ച്ച് 5 ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്.

സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്. ഒന്‍പതാം ഉത്സവ ദിനമായ മാര്‍ച്ച് 13-ാം തിയതി അഥവാ കുഭമാസത്തിലെ പൂരം നാളില്‍ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ലക്ഷകണക്കിന് ഭക്തരാണ് ആറ്റുകാല്‍ ദേവീയെ കാണാന്‍ ഒഴുകി എത്തുന്നത് . നീണ്ട നേരത്തെ കാത്തിരിപ്പിന് ഒടുവില്‍ ദേവീയെ കണ്ട് ഇറങ്ങുന്ന ഭതക്തരുടെ സന്തോഷവും ചെറുതല്ല.

പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും യാത്ര സൗകര്യത്തിനായി കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടു നല്‍കിയിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് വി.ശോഭ പറഞ്ഞു. അതേസമയം ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും പ്രസിഡന്‍റ് അറിയിച്ചു.

ഇത്തവണ പൊങ്കാലക്ക് എത്തുന്ന ഭക്തരുടെ സുരക്ഷക്കായി 4000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുളളതായും, 45 ലക്ഷത്തിലധികം ആളുകള്‍ ഈ വര്‍ഷം പൊങ്കാല അര്‍പ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷേത്ര സമിതി സെക്രട്ടറി കെ.ശരത്ത് കുമാര്‍ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. ശേഷം രാത്രി 10ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.