അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സ് സംസ്കാരചടങ്ങുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സന്ദേശം തന്റെ പക്കല്‍ ഉണ്ടെന്ന അവകാശവാദവുമായി മകള്‍ രംഗത്ത്. സ്വര്‍ഗ്ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് തന്നെ അടക്കണമെന്നുമാണ് എം എം ലോറന്സിന്റേതെന്ന പേരില്‍ മകള്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 2022 ഫെബ്രുവരി 25നാണ് എം എം ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ്പെണ്മക്കള് അവകാശപ്പെടുന്നത്. ഹൈക്കോടതിക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും അനുവാദമില്ലാതെയാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതും പെണ് മക്കള്‍
ആരോപിച്ചു.
എം.എം. ലോറന്‍സിന്റെ മരണത്തിന് പിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടപടിക്കെടിരെ പെണ് മക്കളായ ആശ ലോറന്‍സും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ അപ്പീലുകള്‍ തള്ളുകയായിരുന്നു. മതിയായ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് നല്കാന് മകന് സജീവന് തീരുമാനിച്ചതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇവരുടെ ഹര്‍ജികള്‍ തള്ളിയത്.