ബിജെപിയും സിപിഎമ്മും തമ്മിലുള്ള ആശയപരമായ അകലം കുറഞ്ഞു വരുന്നതായി കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞു. തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ജി.കാര്ത്തികേയന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്നുള്ള സിപിഎം നിലപാട് ഇതിന്റെ സൂചനയാണ്. കേരളത്തിലെ സിപിഎം സര്‍ക്കാരും ഫാസിസത്തിലേക്ക് നീങ്ങുകയാണ’. മുതലാളിത്തത്തെ പ്രീതിപ്പെടുത്താനാണ് ഇരു സര്‍ക്കാരും ശ്രമിക്കുന്നതെന്നും വിശ്വസനീയതയുള്ള നേതാവായിരുന്നു ജി കാര്‍ത്തികേയനെന്നും അദ്ദേഹം അനുസ്മരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി അനുസ്മരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്, മുന്‍ എം.എല്‍.എയും ജി.കാര്ക്കികേയന്റെ മകനുമായ ശബരിനാഥ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി-യുവജന സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിച്ച അദ്ദേഹം സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു എന്ന് വി.എം സുധീരന് ഫെയ്സ് ബുക്കില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ 👇
സമുന്നത കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന ജി.കാര്ത്തികേയന് നമ്മെ വിട്ട് പിരിഞ്ഞിട്ട് 10 വര്‍ഷമായി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവും കെ.പി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന കാര്‍ത്തികേയനുമായി കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലം മുതലേ അടുത്ത ബന്ധമാണ് എനിക്കുള്ളത്. വര്‍ക്കല എസ്.എന്‍. കോളേജ് യൂണിയന് ചെയര്‍മാനായിരിക്കെ കാര്‍ത്തികേയന്റെ ക്ഷണപ്രകാരം കോളേജ് യൂണിയന് ഉദ്ഘാടനത്തിന് പ്രസിദ്ധ സാഹിത്യകാരനായ കേശവദേവ് സാറിനോടൊപ്പം അന്ന് കെഎസ്യു പ്രസിഡന്റായിരുന്ന ഞാനും എസ് എഫ് ഐ പ്രസിഡന്റായിരുന്ന സി.ഭാസ്കരനും പങ്കെടുത്തത് മറക്കാനാകാത്ത ഒരനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി-യുവജന സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിച്ച അദ്ദേഹം സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു.
പ്രിയപ്പെട്ട ജി.കെ.യുടെ പാവനസ്മരണയ്ക്ക് മുന്നില്‍ സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന ജി.കാര്‍ത്തികേയന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തിയത്.