ഓണ്‍ലൈന്‍ ട്യൂഷന് സ്ഥാപനമായ എംഎസ് സൊല്യൂഷന് സിഇഒ ആണ് ഇയാള്‍. ഒന്നാം പ്രതിയായ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇയാള്‍ ക്രൈംബ്രാഞ്ചിനു മുന്‍പാകെ കീഴടങ്ങിയത്.
കേസില്‍ ഒന്നാംപ്രതിയാണ് ഷുഹൈബ്. ചോദ്യക്കടലാസ് ചോര്‍ത്തി നല്കിയ മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്,ജിഷ്ണു എന്നിവരെയും ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മറ്റു പല സ്ഥാപനങ്ങളും സമാന രീതിയിലുള്ള വീഡിയോകള്‍ തയ്യാറാക്കിയിരുന്നെന്നും എന്നാല്‍ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും കണക്കാക്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ഷുഹൈബിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാറിന്റെ മറുവാദം അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളുകയായിരുന്നു.
പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ മലപ്പുറത്തെ അണ് എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എംഎസ് സൊല്യൂഷ്യന്‍സ് അധ്യാപകന് ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
എംഎസ് സൊല്യൂഷന്‍സ് സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ സ്വകാര്യ സ്കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ കേസില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് സ്ഥാപനത്തിലെ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി കെ ഫഹദും അബ്ദുള്‍ നാസറും മുമ്പ് ഒരേ സ്കൂളില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് ക്രൈം ബ്രിഞ്ചിന്റെ കണ്ടെത്തല്‍.
മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുല്‍ നാസര്‍. രാമപുരം സ്വദേശിയാണ് ഇയാള്‍. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയന്‍സ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. ഫോണില്‍ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോര്‍ത്തിയത് അബ്ദു നാസര്‍ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് എസ്പി വിദ്യാഭ്യാസ വകുപ്പിന് സംഭവത്തില്‍ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പ്ലസ് വണ്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും എസ്എസ്എല്‍സിയുടെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്പി വ്യക്തമാക്കി.