മദ്യവും പാര്‍ട്ടിയും: ഗോവിന്ദന്റെ താത്വിക അവലോകനം

Jaihind News Bureau
Wednesday, March 5, 2025

പണ്ട് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിടുന്നതു കണ്ട് പൊട്ടിത്തെറിച്ച പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ കേരള മുഖ്യമന്ത്രിയാണ്. അന്ന് പിണറായി പറഞ്ഞത് കള്ളുകുടിയന്റെ ആവേശമല്ല കാട്ടേണ്ടത്, കമ്യൂണിസ്റ്റിന്റെ ആവേശമാണെന്നാണ്. കോട്ടയത്തെ ആ അനുഭവം ഓര്‍ത്തിട്ടായിരിക്കാം സംസ്ഥാന സമ്മേളനം അടുക്കുമ്പോഴാണ് മദ്യമെന്ന വിപത്തിനെ കുറിച്ച് സിപിഎമ്മിന്റെ സഖാക്കള്‍ക്ക് വെളിപാടുണ്ടാവുന്ന നല്ല സമയം. ഇതാണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഉണ്ടായത് . ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അന്തങ്ങളെല്ലാം അന്തം വിട്ടു. വീണ്ടും എത്തി മാസ് ഡയലോഗ്. ഞങ്ങളെല്ലാം ജീവിതത്തില്‍ തുള്ളി പോലും കുടിച്ചിട്ടില്ല. ഇവര്‍ പറയുന്നത് അതേപടി വിശ്വസിക്കുന്നവരെയാണല്ലോ അന്തം എന്നു വിളിക്കുന്നത്.

ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും നിലപാടുകളുടെ രാജകുമാരന്‍ പറയുന്നു, പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരുമാണ് മദ്യപിക്കരുതെന്ന നിര്‍ദ്ദേശമുള്ളതെന്ന് . പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കുന്നതില്‍ തടസമില്ല. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം എന്നൊക്കെയാണ് വിശദീകരണം. കോട്ടയത്തെ സമ്മേളനം അലങ്കോലപ്പെട്ടെങ്കിലും മദ്യപിക്കുന്നവരെ എല്ലാം പുറത്താക്കാന്‍ നിന്നാല്‍ അടുത്ത ഇലക്ഷനില്‍ പോളിംഗ് ബൂത്തില്‍ നില്‍ക്കാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയാകും സിപിഎം എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുള്ള പ്രതികരണമായാണ് പൊതു സമൂഹം വിലയിരുത്തുന്നത്.

അപ്പൊ ഈ നിലപാടിനും വായ്ത്താരിക്കുമൊക്കെ എന്ത് ആത്മാത്ഥതയാണുള്ളത് സഖാവേ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ എല്ലാം തുറന്നു, അതിന്റെ പത്തിരട്ടി ഔട്ട്‌ലെറ്റുകള്‍ക്ക് നാടു മുഴുവന്‍ അനുമതി നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുക്കിനു മുക്കിനാണ് ബീവറേജ് ഔട്‌ലെറ്റുകള്‍ . കൂടാതെ ഇപ്പോ ബ്രൂവറി പാലക്കാട് തുടങ്ങുന്നു. ഇതൊക്ക ആര്‍ക്ക് വേണ്ടി. മറ്റു പാര്‍ട്ടിക്കാരും രാഷ്ട്രീയം ഇല്ലാത്തവനും കുടിച്ചു നശിക്കട്ടെ എന്ന സൈക്കോളജിക്കല്‍ മൂവ് ആണോ. എം.ബി രാജേഷ് മന്ത്രി പറയുന്നു മദ്യം കേരളത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നും എല്ലാവരും മദ്യപിക്കണമെന്നും. സെക്രട്ടറി ഗോവിന്ദന്‍ പറയുന്നു മദ്യപിച്ചാല്‍ പുറത്താക്കുമെന്ന് ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? എന്തു നിലപാടാണിതൊക്കെ

മദ്യപിക്കുന്നവരെ പുറത്താക്കുമെന്നു പറഞ്ഞാല്‍ ഈ പാര്‍ട്ടിയില്‍ വേറെ രാജ്യത്തുനിന്ന് ആളുകളെ കൊണ്ട് വരേണ്ടിവരും. മദ്യവും മയക്കുമരുന്നും സുലഭമായി ഈ പാര്‍ട്ടിയില്‍ കിട്ടുന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നത് എന്നാര്‍ക്കാണ് അറിയാത്തത്. അരാജക യുവത്വത്തെയാണ് സിപിഎം സൃഷ്ടിക്കുന്നത്. മറ്റൊാരു പാര്‍ട്ടിയിലും ഇങ്ങനെ കള്ളും കഞ്ചാവും അടിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

മദ്യപാനത്തെക്കുറിച്ചുള്ള പാര്‍ട്ടി ദാര്‍ശനിക വ്യാഖ്യാനംവന്നപ്പോള്‍ തന്നെ സംശയിച്ചത് എം വി ഗോവിന്ദന് ഇത് എന്തുപറ്റി എന്നതായിരുന്നു. ഇന്നത്തോടു കൂടി അതു ശരിയായി. ഇതു മറ്റൊരു തരത്തിലും വേണമെങ്കില്‍ പറയാം മദ്യപിക്കാം , പക്ഷെ മദ്യപിക്കാത്ത പോലെ നടക്കണം എന്ന്. ഇനി ഒന്നുകൂടി ഈ പ്രസ്താവനയില്‍ തിരുത്തു വരുത്താം. എല്ലാവര്‍ക്കും മദ്യപിക്കാം, ഒരാഴ്ചയില്‍ ഏറ്റവും കൂടിയാല്‍ ആറു ദിവസം. ഒരു ദിവസം വിശ്രമം. വേണമെങ്കില്‍ ഇതു പരിശോധിക്കാനും റിപ്പോര്‍ട്ടു തയ്യാറാക്കാനും എഐ സംവിധാനം ഉപയോഗപ്പെടുത്താം . അംഗങ്ങള്‍ ആദ്യ പെഗ്ഗ് കഴിക്കുന്നതോടെ എ കെ ജി സെന്ററിലെ ഫോണില്‍ മെസേജ് വരട്ടെ. അപ്പോള്‍ തന്നെ പുറത്താക്കിയതായി റിപ്‌ളേ കൊടുക്കണം. അതാണ് ഹീറോയിസം.