നവീന്‍ ബാബുവിന്‍റെ മരണം; കേസില്‍ കുറ്റപത്രം ഉടന്‍

Jaihind News Bureau
Wednesday, March 5, 2025

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും   പ്രേരണയായത് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണ ശ്രമം ദിവ്യ നടത്തിയതായി കുറ്റപത്രത്തിൽ പരാമർശം.. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പരാമർശമുള്ളതായി സൂചന

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. ഈ പശ്ചാതലത്തിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് എതിരെ .ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിക്കുക.. അനുബന്ധ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും ഉൾപ്പെടെ നൂറോളം പേജുകൾ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. കണ്ണൂർ ജില്ല കളക്ടർ, കളക്ട‌റേറ്റിലെ ജീവനക്കാർ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയയാൾ, നവീൻ ബാബുവിന്റെ ഭാര്യ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുമായി അടുപ്പമുണ്ടായിരുന്ന ജീവനക്കാരുടെ ഉൾപ്പടെ മൊഴി ഉൾപ്പ രേഖപ്പെടുത്തിട്ടുണ്ട് .

കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിൽ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതായാണ് കുറ്റപത്രത്തിൽ പരാമർശം . കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത പി പി ദിവ്യ ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്റെ അംഗീകാരം മാസങ്ങളോളം വൈകിപ്പിച്ചതിന് നവീൻ ബാബുവിനെ വിമർശിച്ചു. അദ്ദേഹം വൈകിയാണ് പെട്രോൾ പമ്പിന് അനുമതി നൽകിയതെന്ന് അവർ പറഞ്ഞു. സ്ഥലം മാറ്റം ലഭിച്ച ശേഷം പെട്ടെന്നുള്ള അനുമതി നൽകിയതിന് പിന്നിലെ കാരണങ്ങൾ തനിക്ക് അറിയാമെന്ന് പി പി ദിവ്യപ്രസംഗത്തിൽ സൂചിപ്പിച്ചു. അത് വരും ദിവസം പുറത്ത് വിടുമെന്നും ദിവ്യ പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

യാത്രയയപ്പ് ചടങ്ങിലേക്ക് പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ് എന്ന പരാമർശവും കുറ്റപത്രത്തിലുണ്ട്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
നവീൻ ബാബുവിന്‍റെ രണ്ട് ഫോണുകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.