വിവാദ ചുഴികളിലും ആരോപണ ശരങ്ങളിലും ആടി ഉലയുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയരുന്നത്. വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്‍ കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.
പാര്‍ട്ടിയേയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്ന ഒടുങ്ങാത്ത വിവാദ പെരുമഴകള്‍ക്കിടയിലാണ് 24 -ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിക്കുന്നത്. വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്‍ കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും പാലക്കാട്ടും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രദേശിക സമ്മേളനകാലത്ത് വീശിയടിച്ച വിഭാഗീയതയും ചേരിതിരിവും പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച കരുനാഗപ്പള്ളിയില്‍ ഏരിയസമ്മേളനം നടത്താതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടും ഈ മേഖലയില്‍ നിന്ന് പ്രതിനിധികളെ ഒഴിവാക്കിയിരുന്നു കൊല്ലം ജില്ലാ സമ്മേളനം നടത്തിയത്. വിഭാഗീയതയ്ക്കും ചേരിതിരിവിനും ചുക്കാന്‍ പിടിച്ച ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ആര് വസന്തന് ഉള്‍പ്പെടെ നാലുപേരെ പുതിയ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ചില അച്ചടക്ക നടപടികളും പാര്‍ട്ടി കൈക്കൊണ്ടിരുന്നു. എന്നാല്‍ വിഭാഗീയതയ്ക്ക് മറുചേരിയില്‍ ചുക്കാന്‍ പിടിച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംസ്ഥാന സമ്മേളനം എന്ത് നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. അച്ചടക്കത്തിന്റെ വാളോങ്ങി തടുത്തുനിറുതിയിരിക്കുന്ന വിഭാഗീയത ഇതോടെ ആളിക്കത്തു മെന്ന് ഉറപ്പാണ്.അടിക്കടി ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും നിര്‍ത്തിപ്പൊരിച്ചാണ് സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചത്.ആഭ്യന്തരവകുപ്പിന്റെ കടുത്ത പരാജയവും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ മാസപ്പടി വിവാദവും
ഇ പി ജയരാജന് വിവാദങ്ങളും സമ്മേളനങ്ങളിലെ വലിയ ചര്‍ച്ചകള്‍ ആയിരുന്നു.അതിന്റെ അലയടികള്‍ സംസ്ഥാന സമ്മേളനത്തിലും ഉയരുമെന്ന് ഉറപ്പാണ്. വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില് നിന്ന് വഴിമാറി തുടങ്ങിയ സിപിഎം സ്വകാര്യ മൂലധന നിക്ഷേപം, സ്വകാര്യ സര്‍വകലാശാല എന്നീ നയമാറ്റങ്ങള്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അതൊക്കെ പ്രാവര്‍ത്തികമാക്കുന്ന തിരക്കിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്ന വേളയില്‍ എത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒരു പടി കൂടി കടന്നുള്ള നയമാറ്റങ്ങളുടെ ഒട്ടേറെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഇടതുമുന്നണിയിലെ വലിയ എതിര്‍പ്പിനെ അവഗണിച്ച് ബ്രൂവറി മദ്യശാല അനുമതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി തന്നെ നയം മാറ്റങ്ങളുടെ പുതിയ രേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും.