വിഴിഞ്ഞം തുറമുഖത്തിന് മികച്ച നേട്ടം; ചരക്കു നീക്കത്തില്‍ ഒന്നാമത്.

Jaihind News Bureau
Monday, March 3, 2025

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണനടപടിയുടെ ഫലം കേരളത്തിന് ലഭിച്ചു തുടങ്ങിയിരിക്കുന്നതില്‍ അഭിമാനിക്കാം. അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ട്രയല്‍ റണ്‍ തുടങ്ങി എട്ടു മാസവും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ട വിഴിഞ്ഞം പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരി മാസത്തില്‍ 40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തില്‍ തുറമുഖത്തിന്റെ വളര്‍ച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതി എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കരാര്‍ ഒപ്പിടുന്നതും നിര്‍മ്മാണം തുടങ്ങുന്നതും. പല വിധ കാരണങ്ങളാല്‍ അത് വര്‍ഷങ്ങളോളം വൈകി. എന്നാല്‍ ആ ദീര്‍ഘവീക്ഷണമുള്ള ഗുണഫലമാണ് ഇപ്പോള്‍ കേരളം നേടുന്നത്