കപ്പടിച്ചില്ലെങ്കിലും കയ്യടിക്കടാ…..

Jaihind News Bureau
Sunday, March 2, 2025

കേരള ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ആവേശകരമായ സീസണുകളില്‍ ഒന്നിനാണ് ഇന്ന് തിരശീല വീണത്. ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീമിന് കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞില്ല.  37 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വിദര്‍ഭയെ കിരീടത്തിന് അർഹരാക്കി. സമനിലയില്‍ അവസാനിച്ച ഫൈനലില്‍ ലീഡ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി.

ഈ സീസണിലെ കേരളത്തിന്‍റെ പ്രകടനം കേവലം ഒരു ഫൈനലിലെ തോല്‍വിയിലൊതുക്കാന്‍ കഴിയില്ല. കരുത്തരായ ടീമുകളെ അട്ടിമറിച്ചും പ്രതിസന്ധികളെ തരണം ചെയ്തും ആണ് അവര്‍ രഞ്ജി ട്രോഫിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നത്. ക്വാര്‍ട്ടറില്‍, സെമിയില്‍ പുത്തന്‍ ചലഞ്ചുകള്‍ നേരിട്ടു. ഫൈനലിലും ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഭാഗ്യം അകന്നുപോയി.

സീസണില്‍ സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന, നിധീഷ് എംഡി, ബേസില്‍ തമ്പി തുടങ്ങി ഒട്ടുമിക്ക താരങ്ങളും കേരളത്തിന്‍റെ കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചു. അമയ് ഖുറാസിയയുടെ പരിശീലനം ടീമിന്‍റെ ഊര്‍ജ്ജം കൂട്ടി. മധ്യനിരയില്‍ പ്രതീക്ഷ അര്‍പ്പിച്ച സച്ചിന്‍ ബേബിയുടെ ഒരു തെറ്റായ ഷോട്ട് ഫൈനലില്‍ കളിയുടെ ഭാവി മാറ്റിയെന്നു പറയാം. അതുപോലെ കരുണ്‍ നായരുടെ ക്യാച്ച് നഷ്ടപ്പെട്ടതും കപ്പില്‍ നിന്നകറ്റി.

ഫൈനലില്‍ തോറ്റെങ്കിലും ഈ സീസണ്‍ കേരള ക്രിക്കറ്റിന്‍റെ പുതിയ കിരീട സ്വപ്നത്തിന്‍റേതായിരുന്നു. 1994-95 സീസണില്‍ പ്രീ-ക്വാര്‍ട്ടര്‍, 2017-18 ല്‍ ക്വാര്‍ട്ടര്‍, 2018-19 ല്‍ സെമി എന്നാല്‍ ഇത്തവണ അവര്‍ ഫൈനല്‍ വരെ കടന്നു. ഭാവിയില്‍ കേരളം കിരീടം ചൂടും എന്നുറപ്പിക്കാവുന്ന പ്രകടനം ഈ ടീമില്‍ നിന്നുണ്ടായി. ഇനിയുമെത്തേണ്ട മികച്ച പേസറുടെ അഭാവം, മുന്‍നിരയില്‍ സ്ഥിരതയുള്ള ഒരു ബാറ്റര്‍ എന്നിവ അടുത്ത സീസണില്‍ പരിഹരിക്കാനാവും.

കേരളത്തിന്‍റെ ഈ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള പുതിയ മലയാള താരോദയങ്ങള്‍ക്കായി വഴിയൊരുക്കും. ഈ പ്രയാണം ഭാവിയില്‍ വലിയ വിജയങ്ങളിലേക്ക് നയിക്കുമെന്ന് തീര്‍ച്ച. ആരാധകര്‍ പുതിയ പ്രതീക്ഷകളുമായി അടുത്ത സീസണ്‍ കാത്തിരിക്കും. ഇനി കേരളത്തിന് പിന്മാറ്റമില്ല; മുന്നോട്ടു മാത്രമാണ് വഴി!