മണ്ഡല പുനര്‍നിര്‍ണ്ണയനീക്കത്തിനെതിരേ തമിഴ്‌നാട്ടില്‍ സര്‍വ്വകക്ഷിയോഗം: ബിജെപി ബഹിഷ്‌ക്കരിച്ചു

Jaihind News Bureau
Saturday, March 1, 2025

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവും ത്രിഭാഷാ നയവും സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 5 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സര്‍വകക്ഷി യോഗം വിളിച്ചു. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ 45 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ക്ഷണം. എന്നാല്‍, യോഗത്തിലേയ്ക്കുള്ള ക്ഷണം ബിജെപി നിരസിച്ചു. യോഗം ബഹിഷ്‌ക്കരിക്കുന്നതായി അറിയിച്ചു. എന്നാല്‍ ബിജെപിയുടെ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു.

പാര്‍ലമെന്റിലെ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയിലൂടെ സീറ്റുകള്‍ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ തമിഴ്നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ആശങ്കാകുലരാണ്. ഇത്  ലോക്സഭയില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തില്‍ കുറവുണ്ടാക്കുമെന്ന് തമിഴ്നാട്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വിശ്വസിക്കുന്നു. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഡിഎംകെ) ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്നിവര്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വരാഷ്ട്രീയ കക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നത് ശ്രദ്ധേയമാണ്. ചെന്നൈയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ രണ്ട് പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പാര്‍ട്ടിയുടെ നിലപാട് വിശദമായി വിശദീകരിക്കുമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയം നടപ്പായാല്‍ തമിഴ് നാട്ടില്‍ നിലവിലുള്ള 39 ല്‍ നിന്ന് 31 ആയി സീറ്റുകളുടെ എണ്ണം കുറയുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ വിശദീകരിക്കുന്നത്. ഇത് എട്ട് പാര്‍ലമെന്ററി മണ്ഡലങ്ങളുടെ നഷ്ടത്തിന് കാരണമാകും. ഇതോടെ തമിഴ്നാടിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുമെന്നും സ്റ്റാലിന്‍ ആരോപിച്ചു. ‘ഇത് തമിഴ്നാടിന്റെ അവകാശങ്ങളുടെ കാര്യമാണ്. എല്ലാ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി ഈ വിഷയത്തില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ സംസാരിക്കണം,’ മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതായും കക്ഷിവ്യത്യാസമില്ലാതെ ആരോപണം ഉയരുന്നുണ്ട്.

ഈ അവകാശവാദങ്ങളെ ബിജെപിയും കേന്ദ്രവും നിരാകരിക്കുകയാണ്. മണ്ഡല നിര്‍ണ്ണയത്തെക്കുറിച്ച് സ്റ്റാലിന്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു, ആനുപാതികമായി അതിര്‍ത്തി നിര്‍ണ്ണയം നടത്തുമ്പോള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള ഒരു തെക്കന്‍ സംസ്ഥാനത്തിനും പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ കുറവുണ്ടാകില്ലെന്നും ഷാ പറയുന്നു.

ലോക്സഭാ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മണ്ഡലപരിധി നിര്‍ണ്ണയ പ്രക്രിയയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശങ്ങള്‍ ‘വിശ്വസനീയമല്ല’ എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നിശബ്ദമാക്കാന്‍ ബിജെപി ഇത് ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തിയാല്‍, അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് വ്യക്തമാണ്. അത്തരം അനീതി തടയാന്‍, 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് മുമ്പ് അതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്,’ സിദ്ധരാമയ്യ പറഞ്ഞു.

ഏറ്റവും പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുന്നതെങ്കില്‍, കര്‍ണാടക?യും കേരളവും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. അതേസമയം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ സെന്‍സസ് (2021 അല്ലെങ്കില്‍ 2031) അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുന്നതെങ്കില്‍, കര്‍ണാടകയിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 28 ല്‍ നിന്ന് 26 ആയി കുറയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ആന്ധ്രാപ്രദേശിലെ സീറ്റുകള്‍ 42 ല്‍ നിന്ന് 34 ആയി കുറയും, കേരളത്തിലെ സീറ്റുകള്‍ 20 ല്‍ നിന്ന് 12 ആയി കുറയും, തമിഴ്‌നാട്ടിലെ സീറ്റുകള്‍ 39 ല്‍ നിന്ന് 31 ആയി കുറയും.

”അതേസമയം, ഉത്തര്‍പ്രദേശിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 80 ല്‍ നിന്ന് 91 ആയും ബീഹാറില്‍ 40 ല്‍ നിന്ന് 50 ആയും വര്‍ദ്ധിക്കും, കൂടാതെ മധ്യപ്രദേശ് 29 മുതല്‍ 33 വരെ. ഇത് അനീതിയല്ലെങ്കില്‍ പിന്നെ എന്താണ്?” സിദ്ധരാമയ്യ പ്രസ്താവനയില്‍ ചോദിച്ചു.