തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ എ.ഐ.സി.സി സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്കി. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്തില്‍ ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിനു ശേഷമാണ് കേരളത്തില്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പുകളാണ് പ്രധാന ചര്‍ച്ചാവിഷയമെന്ന് വ്യക്തമാക്കിയത്.
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. ഭരണ വിരുദ്ധ വികാരം ശക്തമാണ്. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ചയായി. വരുന്ന മാസങ്ങളില്‍ നടത്തേണ്ട പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. സംസ്ഥാനത്ത് വാര്‍ഡ് പ്രസിഡന്റുമാരുടെ സംസ്ഥാന സമ്മേളനം ഏപ്രിലില്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പങ്കെടുക്കും.
കേരളത്തിലെ ജനവിരുദ്ധ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന് സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തില്‍ തീരുമാനമെടുത്തെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി
കേരളം യുഡിഎഫ് നേടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുമെന്നും കെ സുധാകരന് അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തതായി നേതാക്കള്‍ പറഞ്ഞു.