‘മിനി സാംക്രമിക രോഗം പരത്തുന്ന കീടം’; തരംതാണ അധിക്ഷേപവുമായി CITU നേതാവ്

Jaihind News Bureau
Friday, February 28, 2025

ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് മിനിയെ പരസ്യമായി അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹർഷകുമാർ. ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും ആ പാര്‍ട്ടിയുടെ നേതാവ് സാംക്രമിക രോഗം പടര്‍ത്തുന്ന കീടമാണെന്നുമാണ് ഹർഷകുമാർ അധിക്ഷേപിച്ചത്. വിഎസ്സിന്‍റെ കാലത്താണ് ആശമാര്‍ക്ക് വേതനം വര്‍ധിപ്പിച്ച് നല്‍കിയതെന്നും ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പാട്ട കിലുക്കി പാര്‍ട്ടിയെ കണ്ടില്ലെന്നും പി ബി ഹർഷകുമാർ തരംതാഴ്ത്തി സംസാരിച്ചു. പത്തനംതിട്ടയില്‍ സിഐടിയു നടത്തുന്ന ബദല്‍ സമരത്തിലാണ് ഹർഷകുമാർ വിവാദ പരാമർശം നടത്തിയത്.

എന്നാല്‍, ആശാ വര്‍ക്കര്‍മാരുടെ ബദല്‍സമരത്തിന് സിഐടിയു ആളുകളെ എത്തിക്കുന്നത് ഭീഷണിപ്പെടുത്തിയാണെന്ന് എസ് മിനി ആരോപണം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി നേരിട്ട് ആശാവര്‍ക്കര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നുമായിരുന്നു ഭീഷണി. ഇതോടെ സിഐടിയുവിന്‍റെ യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലാകട്ടെയെന്നും മിനി പറഞ്ഞിരുന്നു. ഇതിനിടെയാണ്  സിഐടിയു നേതാവിന്‍റെ വക അധിക്ഷേപം ഉയർന്നത്.