സംസ്ഥാനസര്‍ക്കാര്‍ മൗനാനുവാദം നല്‍കി മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കുന്നു; രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 27, 2025

തിരുവനന്തപുരം: കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യും.

എന്നാല്‍ ഈ നീക്കത്തിനെതിരെ ഒരക്ഷരം പറയാതെ സിപിഎം മൗനം തുടരുകയാണ്. ഖനന പദ്ധതിക്കെതിരെ പ്രത്യേക നിയമസഭാ സെഷന്‍ വിളിച്ചു കൂട്ടി പ്രമേയം പാസാക്കണമെന്ന ആശയത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നു. ഇപ്പോഴിതാ ഖനി മന്ത്രാലയം കടല്‍മണല്‍ ഖനനത്തിനു വേണ്ടി നടത്തിയ റോഡ് ഷോയുടെയും മറ്റും ചെലവ് വഹിച്ചിരിക്കുന്നതും കേരളസര്‍ക്കാര്‍ ആണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. ഇത് കേന്ദ്രസര്‍ക്കാരുമായുള്ള ഒത്തുകളിയും കൊള്ളയടിക്കായുള്ള തയ്യാറെടുപ്പുമാണ്.

സിപിഎമ്മും കേരള സര്‍ക്കാരും കേരളത്തിന്‍റെ തീരദേശത്തെ കുരുതി കൊടുക്കാനുള്ള ഗൂഢപദ്ധതിക്കു കൂട്ടു നില്‍ക്കുകയാണ്. കേരളത്തിന്‍റെ ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് അവരുടെ പാരമ്പര്യ തൊഴില്‍ നിഷേധിക്കുന്നതിലേക്കാണ് ഈ നീക്കം നയിക്കുന്നത്.

പദ്ധതി നടപ്പാവുകയാണെങ്കില്‍ മത്സ്യതൊഴിലാളികള്‍ക്ക് പാരമ്പര്യ തൊഴിലും അവര്‍ ജനിച്ചു ജീവിച്ച പ്രദേശങ്ങളും ഉപേക്ഷിക്കേണ്ടി വരും. കേരളത്തിന് മത്സ്യം കിട്ടാക്കനിയാകും. കേരളഭക്ഷണത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന മത്സ്യസമ്പത്തില്‍ മാരകമാ ശോഷണം ഉണ്ടാകും. കേരളത്തില്‍ കടലാക്രമണത്തിന്റെ തോത് വര്‍ധിക്കാനും കടല്‍ കയറുന്ന സാഹചര്യമുണ്ടാകാനും ഇത് ഇടവരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ പദ്ധതിക്ക് സിപിഎമ്മും സര്‍ക്കാരും മൗനം കൊണ്ട് അനുമതി നല്‍കി കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കു തൊഴിലും ആവാസയിടങ്ങളും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക്, കേരളത്തിന്‍റെ തീരം കടലെടുക്കുന്ന അവസ്ഥയിലേക്ക് നയിക്കരുത് എന്നഭ്യര്‍ഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.