തിരുവനന്തപുരം :സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 16-ാം ദിനത്തിലേക്ക് കടന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി.
സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാതെ സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട് .കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക ചുമതല നല്‍കണമെന്നും നിര്‍ദേശമുണ്ട്.എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം രണ്ടാഴ്ച്ചയായിട്ടും വാണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതെസമയം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം.
ആശാ പ്രവര്‍ത്തകരുടെ സമരത്തെ തളളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്.ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം വിമര്‍ശിച്ചു.രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതെസമയം സമരത്തെ പിന്തുണച്ച് വനിത കമ്മീഷന്‍ അധ്യക്ഷ സതീദേവി രംഗത്തു വന്നു.ആശാവര്‍ക്കര്‍മാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും സതീദേവി പറഞ്ഞു.