പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം; പി.സി.ജോര്‍ജിന് നോട്ടീസ്

Jaihind News Bureau
Saturday, February 22, 2025

കോട്ടയം: മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം. രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോർജിൻ്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പി.സി. ജോർജ് വീട്ടിലില്ലായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. അതിനാല്‍ മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയത്.

ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്യാനായി പോലീസ് നീങ്ങുന്നത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്ന് പി.സി ജോര്‍ജ്ജ് കോടതിയില്‍ മാപ്പ് അപേക്ഷിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കേസില്‍ വിധി നല്‍കിയത്. വിദ്വേഷ പരാമർശങ്ങളും നാവ് കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നതും ഒരു വിനോദമാക്കിയ പി.സി.ജോർജിന് ഇപ്പോള്‍ വീണ പിടി കുറച്ചു പേർക്കെങ്കിലും ആശ്വാസമാകും.

“ഇന്ത്യയിലെ ഒരു വിഭാഗം മുഴുവന്‍ വര്‍ഗീയവാദികളാണ്, അവര്‍ മറ്റൊരു രാജ്യത്തേയ്ക്കു പോകണം, ഈരാറ്റുപേട്ടയില്‍ വര്‍ഗീയത ഉണ്ടാക്കിയാണ് എന്നെ തോല്‍പ്പിച്ചത്” ഇതായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചത്. ഈരാറ്റുപേട്ടയിലെ വിവിധ സംഘടനകള്‍ ഈ പരാമർശത്തിനെതിരെ പരാതി നല്‍കിയിരുന്നു.