സിനിമാറ്റിക് ക്ലൈമാക്‌സിനൊടുവില്‍ സ്വപ്‌ന തുല്യമായ ഫൈനലിലേക്ക് കടക്കാന്‍ കേരളം

Jaihind News Bureau
Friday, February 21, 2025

അങ്ങനെ ചരിത്രം കുറിച്ച് കേരളം രഞ്ജി ഫൈനലിന് അരികെയെത്തി. ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ നിന്നും ഇതുവരെ ഉയര്‍ച്ചയുണ്ടായിട്ടില്ലാത്ത കേരളത്തിന് ഇന്ന് കുറിക്കപ്പെടേണ്ട ദിനം തന്നെയാണ്. സെമി, ഫൈനല്‍ തുടങ്ങിയ മല്‍സരങ്ങള്‍ കേരളത്തിന് തീണ്ടാപ്പാട് അകലെയാണ് എന്ന് ഒരു ഖ്യാതി പരക്കെ ഉണ്ടായിരുന്നു. അത്തരം വിമര്‍ശനങ്ങളെയെല്ലാം തുടച്ചു നീക്കിക്കൊണ്ട് കേരളം ഫൈനലിന് ഒരുങ്ങുകയാണ്. സിനിമാറ്റിക് ക്ലൈമാക്‌സിനൊടുവില്‍ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സാധിച്ചു.

നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജയ്മീത് പട്ടേലും ഒപ്പം സിദ്ധാര്‍ഥ് ദേശായിയും ചേര്‍ന്ന് കേരളത്തിന്റെ പ്രതീക്ഷകളെ തകര്‍ത്തുക്കൊണ്ടാണ് ഇന്നലെ കളി അവസാനിപ്പിച്ചത്. രാവിലെ മല്‍സരം പുനരാരംഭിക്കുമ്പോള്‍ കേരളത്തിന് സെമിയില്‍ എത്താന്‍ വെറും 3 വിക്കറ്റുകള്‍ മാത്രം മതി എന്ന നിലയില്‍ ആയിരുന്നു. എന്നാല്‍ ഗുജറാത്തിന് 28 റണ്‍സ് അകലെയായിരുന്നു ഒന്നാം ഇന്നിങ്‌സ് ലീഡ്. താരതമ്യേന ഗുജറാത്തിന് തന്നെയായിരുന്നു ജയസാധ്യത. പട്ടേലിന്റെയും ഒപ്പം സിദ്ധാര്‍ഥിന്റെയും വിക്കറ്റുകള്‍ വീണതോടെ കേരളത്തിന് കരുത്തേകി. ഏറ്റവും ഒടുവില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട്, ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളത്തിന് ലീഡ് സ്വന്തമാക്കാനായത്. അപ്രതീക്ഷിതമായി ലഭിച്ച ഈ തൊപ്പി ഭാഗ്യമാണ് കേരളത്തെ ഫൈനല്‍ സ്വപ്‌നം കാണിച്ചത്.

ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യം വച്ചാണ് കേരളം സാവധാനം മുന്നോട്ട് നീക്കിയതെങ്കില്‍ ഗുജറാത്തിന് വിക്കറ്റുകള്‍ നഷ്ടപ്പെടാതെ കേരളം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കുക എന്ന ലക്ഷ്യമായിരുന്നു. പലയിടത്തും പതറിയെങ്കിലും തിരിച്ചു വരാനുള്ള മനക്കരുത്ത് കേരള ടീമിന് ഉണ്ടായിരുന്നു എന്നുള്ളതാണ് ഇന്നത്തെ മല്‍സരം കാണിച്ചു തന്നത്. വിദര്‍ഭയും മുംബൈയും തമ്മിലുള്ള പോരാട്ടം കടുക്കുമ്പോള്‍ വിദര്‍ഭയ്ക്കാണ് വിജയ സാധ്യത എന്നതാണ് കണക്കുക്കൂട്ടല്‍. അങ്ങനെയെങ്കില്‍ കേരളത്തിനൊപ്പം ഫൈനല്‍ പോരാട്ടത്തില്‍ വിദര്‍ഭയാകും മല്‍സരിക്കുക. 26 നാണ് രഞ്ജി ട്രോഫി ഫൈനല്‍ മാമാങ്കം നടക്കുന്നത്.