തിരുവനന്തപുരം: റാഗിങ് തുടര്‍ക്കഥയാകുമ്പോള്‍ കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ നടന്ന ക്രൂരമായ റാഗിങിന്റെ കഥയാണ് പുറത്തു വരുന്നത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് താന്‍ അനുഭവിച്ച ക്രൂരമായ റാഗിങ്ങിന്റെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. പ്രിന്‍സിപ്പാളിനും കഴക്കൂട്ടം പൊലീസിലും റാഗിംങ് പരാതി നല്‍കിയിരുന്നു. അന്വേഷണ ഭാഗമായി ആന്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരണം നടത്തിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിന്‍സ് ജോസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്നും കാല്‍മുട്ടില്‍ നിലത്തു നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും ബിന്‍സ് വ്യക്തമാക്കി. അലന്, വേലു, സല്മാന്, അനന്തന് പ്രാര്ത്ഥന്, പ്രിന്‍സ് അടക്കമുള്ളവരാണ് ബിന്‍സിനെ മര്‍ദ്ദിച്ചത് എന്നാണ് വിവരങ്ങള്‍. ‘കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം നല്കി, ഷര്‍ട്ട് വലിച്ചുകീറി’- ബിന്‍സ് പറഞ്ഞു. പരാതി നല്കിയാല് ഇനിയും അടിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും ബിന്‍സ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. യൂണിയന് ഓഫീസില്‍ വെച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പോലീസില്‍ പരാതി നല്‍കരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാര്‍ത്ഥിയെയും മര്‍ദിച്ചു. ഒരു മണിക്കൂറോളം പീഡനം നടന്നെന്നും ബിന്‍സ് വ്യക്തമാക്കി.