തല്ലിയതില്‍ തെറ്റില്ല! മാപ്പ് പറയേണ്ട കാര്യമില്ല.. ന്യായീകരിച്ച് പി.എം.ആര്‍ഷോ

Jaihind News Bureau
Friday, February 14, 2025

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ശ്രീനിവാസന്‍ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 ലാണ് ഒരു കൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ മേളയ്ക്കെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തെ പ്രതിയാണ്.

വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ അനുമതി നല്‍കുകയും അതിനുള്ള ചര്‍ച്ചയ്ക്കു വഴിവെച്ചു എന്നുള്ളതുമാണ് മര്‍ദനത്തിന് കാരണം. ഒരു കൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് അന്ന് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇന്നിപ്പോള്‍ 9 വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം നേരിട്ട മര്‍ദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ശ്രീനിവാസന്‍ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോള്‍ നിരത്തുന്നത്. ടിപി ശ്രീനിവാസനെ തല്ലിവീഴ്ത്തിയ എസ്എഫ്‌ഐ നേതാവിന് സിപിഎം നല്‍കിയത് പദവിയും ജോലിയുമാണ് എന്ന രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ അദ്ദേഹത്തോടെങ്കിലും മാപ്പ് പറയേണ്ടതായിരുന്നു എന്ന ആവശ്യം അന്നേ ശക്തമായിരുന്നു.