പാലാ നഗരസഭയില്‍ അവിശ്വാസപ്രമേയം പാസായി; യുഡിഎഫ് പ്രമേയത്തിന് ഭരണപക്ഷത്തിന്‍റേയും പിന്തുണ

Jaihind News Bureau
Friday, February 14, 2025

പാലാ: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന്‍റെ രാജിയില്ലായ്മ തിരിച്ചടിയായി. പാലാ നഗരസഭയിൽ ചെയർമാൻ എതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. നഗരസഭയിൽ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് അവർ വിട്ടുനിന്നിരുന്നു, ചെയർമാനെ തങ്ങളുടെ അവിശ്വാസപ്രമേയം ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് വിട്ടുനിന്നത്. എന്നാൽ അവിശ്വാസം ചർച്ചയ്ക്ക് എടുത്ത കൗൺസില്‍ യോഗം പ്രമേയം പാസാക്കി. ഭരണപക്ഷത്തെ 14 പേരുടെ പിന്തുണ ലഭിച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

പാർട്ടി തീരുമാനങ്ങൾ അനുസരിക്കാതെ ചെയർമാൻ സ്ഥാനത്തേക്ക് പിടിച്ചുനില്ക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി അടക്കം ഷാജു തുരുത്തനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനൊരുങ്ങിയില്ല. ഈ നിലപാട് അംഗീകരിക്കാനാവാതെ, പാർട്ടി തന്നെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുകയായിരുന്നു.

നഗരസഭയിൽ ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിലാണ് പ്രമേയം പാസായത്. മുന്നണി ഘടകങ്ങൾ തമ്മിലുള്ള അകലം അപ്രത്യക്ഷമാകുമ്പോഴും, പാർട്ടി നിലപാട് മറികടക്കാനുള്ള ശ്രമങ്ങൾ എങ്ങനെയാകുമെന്നത് ഇനി രാഷ്ട്രീയ പാർട്ടികളുടെ തീരുമാനത്തിൻമേലാണ് ഉറച്ചു നില്‍ക്കുന്നത്.