ഡല്‍ഹി: പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഇരുപത്തി നാല് ഏക്കര്‍ സ്ഥലത്ത് ബ്രൂവറി അനുവദിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. റൂള്‍ 377 പ്രകാരമുള്ള പ്രസ്താവനയിലാണ് വി കെ ശ്രീകണ്ഠന് ഈ ആവശ്യം ഉന്നയിച്ചത്.
ആറ് ഏക്കര്‍ കൃഷിഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം ബ്രൂവറിയ്ക്കായി ഉപയോഗിക്കുന്നത് അവിടത്തെ കൃഷിയെയും , ജലഭ്യതയെയും ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ പദ്ധതി നിര്‍ത്തിവെക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്. ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കും ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്. മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളം കുടിവെള്ളത്തിനും, കാര്‍ഷികാവശ്യങ്ങള്‍ക്കും അപര്യാപ്തമാണെന്നിരിക്കെയാണ് ദശലക്ഷക്കണക്കിന് വെള്ളം സംസ്ഥാന സര്‍ക്കാര്‍ ബ്രൂവറി യൂണിറ്റിന് നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിര്‍ദ്ദിഷ്ട ബ്രൂവറി യൂണിറ്റ് ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ കോരയാര്‍ നദിയിലേക്ക് ഒഴുക്കാനും സാധ്യതയുണ്ടെന്നും വി കെ ശ്രീകണ്ഠന് മുന്നറിയിപ്പു നല്കി.
2018 ല്‍ എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള നീക്കം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ ബ്രൂവറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണുണ്ടായത്. ജലക്ഷാമം, കൃഷിനാശം , പരിസ്ഥിതിയെ ബാധിക്കുന്നു എന്നീ മൂന്ന് കാരണങ്ങളാല്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി ഈ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു.