ബ്രൂവറി വിഷയത്തില്‍ എല്‍.ഡി.എഫില്‍ പോര് കനക്കുന്നു! മദ്യനയം ഇടത് മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് ആർജെഡി

Jaihind News Bureau
Monday, February 3, 2025

മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന ആര്‍ജെഡിയുടെ ആരോപണം  മുന്നണിയെ  കുരുക്കിലാക്കിയിരിക്കുകയാണ്. ആര്‍ജെഡി സെക്രട്ടി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജാണ് പാർട്ടിക്കുള്ളിലെ  ചേരിപ്പോര് വ്യക്തമാക്കിയത്.പരസ്യമായി തന്നെയാണ് ജോര്‍ജ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിമർശനം മാത്രം ഉന്നയിച്ച് സുരക്ഷിതമായി നീങ്ങാന്‍ ശ്രമിക്കുന്ന സി.പി.ഐക്കും ഇത് സമ്മതിക്കേണ്ടി വരും. സിപിഎം പാർട്ടി ഏകപക്ഷീയമായി തീരുമാനിച്ചു എന്ന് പറയുന്ന മദ്യനയം അംഗീകരിക്കാന്‍ ഘടകകക്ഷികള്‍ ഒരിക്കലും സമ്മതിക്കില്ല എന്ന വ്യക്തമായ അഭിപ്രായമാണ് ആര്‍ജെഡി വ്യക്തമാക്കുന്നത്. ഇതോടെ മുന്നണിക്കുള്ളിലെ വിളർച്ച പുറത്തേക്ക് വ്യക്തമായി തന്നെ വരുകയാണ്.

ഇടതുപക്ഷ ജനാതിപത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ മദ്യ ലഭ്യത കുറയ്ക്കും എന്നാണ് പറഞ്ഞിരുന്നത്.  എന്നാല്‍ മദ്യാസക്തി കൂടുകയാണ് ചെയ്തത്. അത് കുറയ്ക്കാന്‍ സർക്കാർ ബാധ്യസ്ഥരുമാണ്. കൂടുതല്‍ വഷളാകുന്ന നീക്കങ്ങളോട് ആര്‍ജെഡിക്ക് യോജിപ്പിലെന്നും എല്‍ഡി എഫില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.

2023 ജൂലൈ 26നാണ്  2023- 24 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു പുറത്തിറക്കിയത്. അതിന്‍റെ എട്ടാമത്തെ പേജില്‍ മദ്യ നിര്‍മ്മാണത്തിന് ആവശ്യമായ  എത്തനോള്‍ പോലുളളവ  ഉല്‍പ്പാദിപ്പിക്കുന്നതിനാണ് നയം ലക്ഷ്യമിടുന്നത്. ഇതിനായി  പുതിയ ബ്രൂവറി യൂണിറ്റുകളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ യോഗ്യതയുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്നാണ് അന്ന് വ്യക്തമാക്കിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയിലും ആവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഇത്തരമൊരു നയം ക്യാബിനറ്റില്‍ പാസാക്കിയപ്പോള്‍ സിപിഐ മന്ത്രിമാരോ അവരുടെ പാര്‍ട്ടി നേതൃത്വമോ എതിര്‍പ്പൊന്നും രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഇടത് മുന്നണി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയമാണെന്ന് ഇടത് കണ്‍വീനറോ മന്ത്രിമാരോ അവകാശപ്പെട്ടിരുന്നില്ല താനും. മദ്യ നിര്‍മ്മാണ കമ്പിനിയായ ഒയാസിസിന് എലപ്പുള്ളിയില്‍ അനുമതി നല്‍കിയപ്പോഴാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നത് തന്നെ. ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് അംഗീകരിക്കാത്ത നയമാണ് മന്ത്രിസഭ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ഗുരുതരമായ വിമര്‍ശനം മുന്നളികള്‍ക്കുള്ളില്‍ അഞ്ഞടിച്ചത്. പ്രതിപക്ഷ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് ആര്‍ജെഡിയുടെ ഇപ്പോഴത്തെ ആക്ഷേപം. ആര്‍ജെഡിയുടെ ആക്ഷേപങ്ങള്‍ക്ക് സിപിഎം നേതൃത്വമോ എക്‌സൈസ് മന്ത്രിയോ ഇടുവരെ മറുപടി പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എന്ത് ആക്ഷേപം വന്നാലും മദ്യ നിര്‍മ്മാണ യൂണിറ്റുമായി മുന്നോട്ട് പോകുമെന്നാണ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്. നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള ഒയാസിസിന്‍റെ നിര്‍ദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ ജനുവരി 15 നാണ് അംഗീകാരം കൊടുത്തത്. സിപിഐ എതിര്‍പ്പ് സിപിഎം കാര്യമായി എടുത്തിട്ടില്ല എന്ന് തന്നെയാണ് പാർട്ടിയുടെ മൗനം കൊണ്ട് വ്യക്തമാകുന്നത്. എന്നാല്‍ ആര്‍ജെഡി ഉന്നയിക്കുന്ന വിഷയം മുന്നണിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് മനസ്സിലാക്കുന്നില്ല. സിപിഐ വ്യക്തയില്ലാതെ ഉയര്‍ത്തുന്ന എതിര്‍പ്പുകളെ ഒതുക്കി തീർക്കാം  എന്ന ആത്മവിശ്വാസം സിപിഎം പാർട്ടിക്കുണ്ട്.