ബ്രാഹ്മണനായി ജനിക്കണം; ആദിവാസികളെ ഭരിക്കണം. സുരേഷ് ഗോപിയിലൂടെ പുറത്തുവരുന്നത് ചാതുര്‍വര്‍ണ്യത്തിന്റെ വെളിപ്പെടുത്തലോ?

Jaihind News Bureau
Sunday, February 2, 2025

തിരുവനന്തപുരം: ആദിവാസി സമൂഹത്തിനെ അവഹേളിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരു പോലെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആദിവാദി നേതാവ് സികെ ജാനു രംഗത്ത് വന്നു. വളരെ തരംതാണ പ്രസ്താവന എന്നാണ് സികെ ജാനു ഇതിനെ വിശേഷിപ്പിച്ചത്. ഈ കാലമത്രയും ആദിവാസി വിഷയങ്ങളില്‍ ഇടപെട്ടതും തീരുമാനിച്ചതും ഒക്കെ സവര്‍ണര്‍ തന്നെയാണ്. ഇതുവരെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഈ കാര്യങ്ങളുടെ ഭാഗമാകുകയോ ഇടപെടുകയും ഒന്നും ചെയ്തിട്ടില്ലെന്നും സികെ ജാനു വിമര്‍ശിച്ചു.

അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്നാണ് ഇതിന് മുന്‍പ് സുരേഷ് ഗോപി പ്രകടിപ്പിച്ച ആഗ്രഹം. പുനര്‍ജന്‍മത്തില്‍ വിശ്വാസമുണ്ടെന്നും അടുത്ത ജന്‍മം ബ്രാഹ്മണനായി തന്ത്രി കുടുംബത്തില്‍ ജനിച്ച് ശബരിമല അയ്യപ്പനെ സേവിക്കണം എന്നുമായിരുന്നു അന്നത്തെ പ്രസ്താവന. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് തികച്ചും സ്വാഭാവികമെന്ന മട്ടില്‍ താരം ഇങ്ങനെയൊരു ആഗ്രഹം പങ്കുവച്ചത്. അന്ന് വലിയ വിമര്‍ശമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

അന്ന് പറഞ്ഞതുമായി കൂട്ടിവായിക്കാവുന്നതാണ് അദ്ദേഹത്തിന്റെ പുതിയ ആഗ്രഹവും. ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണമെന്നും, അത് തനിക്ക് വേണമെന്ന് എംപിയായ കാലം മുതല്‍ മോദിയോട് ആവശ്യപ്പെടുന്നതാണ് എന്നുമാണ് ഒരുമറയുമില്ലാതെ സുരേഷ് ഗോപി ഇന്ന് തുറന്നുപറഞ്ഞത്. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പുതിയ ആഗ്രഹപ്രകടനം.