ജനത്തെ കബളിപ്പിച്ച് വാര്‍ത്തയിൽ ഇടം പിടിക്കാനുള്ള ‘ന്യൂസ് ഹൈലൈറ്റ്’ ബജറ്റാണ് ധനമന്ത്രിയുടേത്: കെ.സി.വേണുഗോപാല്‍ എംപി

Jaihind News Bureau
Saturday, February 1, 2025

ന്യൂ ഡൽഹി : ആദായനികുതിയിളവ് പ്രഖ്യാപിച്ചത് മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ്. പക്ഷെ, രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നികുതി ഭീകരതയ്ക്കും തെറ്റായ നയങ്ങള്‍ക്കും ശേഷമുള്ള ചെറിയ തിരുത്തല്‍ മാത്രമാണ് ഈ നടപടി. ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ബജറ്റിലില്ല എന്ന് കെ.സി.വേണുഗോപാല്‍ എംപി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലഘട്ടത്തില്‍, നികുതി പരിധി ഇളവിന്റെ പ്രയോജനം എത്ര പേര്‍ക്കാണ് ലഭിക്കുക. പുതിയ തൊഴില്‍ അവസരങ്ങളൊന്നും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന ശമ്പളത്തില്‍ കാര്യമായ വര്‍ധനവില്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പന്ത്രണ്ട് ലക്ഷമെന്ന നികുതി ഇളവ് പരിധിയുടെ ഗുണം ലഭിക്കുന്നത് രാജ്യത്തെ ജനസംഖ്യയിൽ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. ഈ പരിധിയില്‍ വരുന്നവരെക്കാള്‍ കൂടുതലാണ് ഭൂരിപക്ഷം വരുന്ന അടിസ്ഥാന വര്‍ഗമെന്നും അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഗ്രാമീണ, നഗര വികസനം, വിദ്യാഭ്യാസ മേഖല, തൊഴിലുറപ്പ് പദ്ധതി, വ്യാവസായിക മേഖലയുടെ പുനരുദ്ധാരണം എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്തമാണ്. കര്‍ഷകര്‍ക്ക് എംഎസ്പി ഗ്യാരണ്ടിയില്ല. 54 ശതമാനം വരുന്ന കര്‍ഷകരും കടക്കെണിയിലാണ്. അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളില്ല. കാര്‍ഷിക മേഖലയിലെ സബ്‌സിഡികളെ കുറിച്ചും സര്‍ക്കാര്‍ മൗനം പാലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പകരം സര്‍ക്കാരിന് തോന്നുന്നത് മാത്രമാണ് നല്‍കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റം വിഹിതം വര്‍ധിപ്പിക്കാതെ ആ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

വിലക്കയറ്റം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മയ്ക്ക് പരിഹാരം തുടങ്ങി അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ കേന്ദ്ര ബജറ്റ് അഭിമുഖീകരിച്ചില്ല. എംഎസ്എംഇ വ്യവസായങ്ങള്‍ പൂട്ടിപ്പോകാതിരിക്കാന്‍ ജിഎസ്ടിയില്‍ കാര്യമായ പരിഷ്‌കരണം വേണം. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടക്കാന്‍ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് നിസ്സംശയം പറയാം.ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിക്കുകയാണ്. വയനാട് പാക്കേജ് പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല. വയനാട് കേരളത്തിലായത് കൊണ്ടാണോ ഈ അവഗണന? രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായ വയനാടിനെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്നത് നിരാശാജനകമാണ്.

വന്യമൃഗശല്യം, തീരദേശ മേഖല, റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല, വിഴിഞ്ഞം പദ്ധതി എന്നിവയെ കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സാമ്പത്തിക സഹായം കേരളം പ്രതീക്ഷിച്ചതാണ്. അത് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണ്. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്നവ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവരുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളോട് മോദി സര്‍ക്കാര്‍ വിവേചനം കാട്ടുന്നു. ഇത് ഫെഡറല്‍ തത്വങ്ങളെ അവഗണിക്കുന്ന ബജറ്റ് കൂടിയാണ്. ദളിത്-ന്യൂനപക്ഷ-പ്രവാസി വിഭാഗങ്ങളുടെയൊന്നും ക്ഷേമപദ്ധതികള്‍ക്കായി ഒന്നും തന്നെയില്ലെന്നും രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ല ബജറ്റ് പ്രഖ്യാപനങ്ങളെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.