മുനമ്പം വിഷയം: തലശ്ശേരി ബിഷപ്പ് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Sunday, December 29, 2024


കണ്ണൂര്‍: മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.  തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച .ഷാഫി പറമ്പില്‍ എം പി യും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.  മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുത്.  സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണം. മെല്ലപ്പോക്ക് അവസാനിക്കണം.  ഇങ്ങനെയുള്ള കൂടിക്കാഴ്ചകള്‍ ആവശ്യമാണ്.  സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം.  ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.  മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്.  മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ഇടര്‍ച്ച ഉണ്ടാവാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.