എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്

Jaihind Webdesk
Friday, November 8, 2024


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.

എന്നാല്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും എതിര്‍ത്തു. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.

അതെസമയം ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിയെത്തുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാര്‍ട്ടി നടപടി.
സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.